മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് 'ലോക – ചാപ്റ്റർ വൺ:ചന്ദ്ര' 300 കോടി ക്ലബിൽ | LOKA

യുഎഇയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട മലയാള ചിത്രം എന്ന റെക്കോർഡും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ രണ്ടാമത്തെ തെന്നിന്ത്യൻ ചിത്രം എന്ന റെക്കോർഡും ലോക സ്വന്തമാക്കി
LOKA
Published on

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ”ലോക – ചാപ്റ്റർ വൺ:ചന്ദ്ര”, മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിക്കുന്ന ചിത്രമായി. റിലീസ് ചെയ്ത് 45 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 300 കോടി കടന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരളത്തിൽ നിന്ന് മാത്രം 120 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം വിദേശത്തു നിന്നും അത്ര തന്നെ ഗ്രോസ് ആണ് സ്വന്തമാക്കിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 60 കോടിയോളമാണ് ചിത്രം നേടിയ ഗ്രോസ്. യുഎഇയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട മലയാള ചിത്രം എന്ന റെക്കോർഡും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ രണ്ടാമത്തെ തെന്നിന്ത്യൻ ചിത്രം എന്ന റെക്കോർഡും “ലോക” അഞ്ചാം വാരത്തോടെ സ്വന്തമാക്കി. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായ “ലോക” മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് എന്ന കിരീടവും ചൂടിയാണ് തീയേറ്ററുകളിൽ പ്രദർശന വിജയത്തിന്റെ കുതിപ്പ് തുടരുന്നത്.

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും, മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളിൽ പ്രദർശനം തുടരുന്ന “ലോക” ഇരുന്നൂറിൽ കൂടുതൽ സ്‌ക്രീനുകളിൽ അമ്പതാം ദിവസം ആഘോഷിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയെന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി മാറിയ “ലോക”, 1 കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനോടകം ആഗോള തലത്തിൽ കണ്ടത് എന്നാണ് കണക്കുകൾ പറയുന്നത്.

പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പർ വിജയം നേടുകയും വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. ബുക്ക് മൈ ഷോയിലും അഞ്ചു മില്യണിൽ കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന ആദ്യ മലയാള ചിത്രമായി മാറിയ “ലോക”, കേരളത്തിൽ മാത്രം ആദ്യമായി 50000 ത്തിൽ കൂടുതൽ ഷോകൾ കളിച്ചും ചരിത്രമായി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ” ലോക ചാപ്റ്റർ 2″ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ.

മലയാള സിനിമയുടെ ചരിത്രത്തിലെ അത്ഭുത വിജയമെന്നും നാഴികക്കല്ലെന്നും വിശേഷിപ്പിക്കാവുന്ന “ലോക” കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് തന്നെയാണ്. ത്രസിപ്പിക്കുന്ന സംഗീതവും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും അത്ഭുതപ്പെടുത്തുന്ന കഥാപശ്‌ചാത്തലവും മനോഹരമായ പ്രകടനങ്ങളും കൊണ്ട് “ലോക” മലയാള സിനിമയിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ ട്രെൻഡ് സെറ്റർ ആയി മാറിയിരിക്കുകയാണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ

Related Stories

No stories found.
Times Kerala
timeskerala.com