'ലോക ചാപ്റ്റർ 1: ചന്ദ്ര' ഉടൻ ഒടിടിയിലേക്ക്; ദീപാവലിക്ക് എത്തുമെന്ന് റിപ്പോർട്ട് | LOKA

ചിത്രം ഒക്ടോബർ 18ന് ദീപാവലിയോടനുബന്ധിച്ച് ഒടിടിയിൽ സ്ട്രീമിങ് തുടങ്ങുമെന്ന് റിപ്പോർട്ട്
LOKA
Published on

മലയാളത്തിലെ ആദ്യ സൂപ്പർ ഹിറോ ചിത്രം 'ലോക ചാപ്റ്റർ 1: ചന്ദ്ര' ഉടൻ ഒടിടിയിലേക്ക്. ദുൽഖർ സൽമാന്റെ നിർമാണത്തിൽ കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം ജിയോ ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇൻഡസ്ട്രി ഹിറ്റ് അടിച്ച ചിത്രം എന്ന് ഒടിടിയിൽ വരുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ലോക ഒക്ടോബർ 18ന് ദീപാവലിയോടനുബന്ധിച്ച് ഒടിടിയിൽ എത്തുമെന്ന് ചില സോഷ്യൽ മീഡിയ പേജുകൾ സൂചിപ്പിക്കുന്നത്. ഇതിനെ ഉദ്ധരിച്ചുകൊണ്ട് ചില എൻ്റർടെയ്മെൻ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം ഇതുവരെ ലോക സിനിമയുടെ ഒടിടി സംബന്ധിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് അണിയറപ്രവർത്തകരോ സ്ട്രീമിങ് പ്ലാറ്റ്ഫോമോ പുറത്ത് വിട്ടിട്ടില്ല. ജിയോ ഹോട്ട്സ്റ്ററാണ് ലോക സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

നേരത്തെ ലോക സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ സിനിമ ഉടൻ ഒടിടിയിലേക്കില്ലെന്ന് അറിയിച്ചുകൊണ്ട് ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തിയിരുന്നു. പിന്നീട ലോക സിനിമയുടെ ഡിജിറ്റൽ അവകാശത്തിനായി ജിയോ ഹോട്ട്സ്റ്റാറും ആമസോൺ പ്രൈം വീഡിയോയും സോണി ലിവും തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ രംഗത്തെത്തിയിരുന്നു. അവസാനം വൻ തുക എറിഞ്ഞ് ജിയോ ഹോട്ട്സ്റ്റാർ ലോക സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കുകയായിരുന്നു.

അതേസമയം, ഓണം റിലീസായി എത്തിയ ലോക 300 കോടി കളക്ഷൻ റെക്കോർഡു ഭേദിച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മോഹൻലാലിൻ്റെ തുടരും എന്ന സിനിമയുടെ 300 കോടി കളക്ഷൻ റെക്കോർഡാണ് ലോക മറികടന്നത്. അങ്ങനെ 30 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം മലയാളം സിനിമയുടെ ചരിത്രമായി മാറിയിരിക്കുകയാണ്.

ദുൽഖറിൻ്റെ വേഫാറർ ഫിലിംസിൻ്റെ ബാനറിൽ ഡൊമിനിക്ക് അരുൺ ആണ് ലോകഃ സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നടി ശാന്തി ബാലചന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ചമ്മൻ ചാക്കോയാണ് എഡിറ്റർ. ജോക്സ് ബിജോയിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്ലെൻ, സാൻഡി മാസ്റ്റർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ദുൽഖർ സൽമാനും ടൊവീനോ തോമസും ചിത്രത്തിൽ കാമിയോ വേഷങ്ങളിൽ എത്തുന്നു. ലോകയുടെ രണ്ടാം ഭാഗത്തിൽ ടൊവീനോയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അത് പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസറും അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com