
പൂജ അവധിയോടനുബന്ധിച്ച് ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ നേരത്തെയാക്കിയിരിക്കുകയാണ് വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ. ഇന്ന് (ഒക്ടോബർ 1) അർധരാത്രി മുതൽ ഒടിടിയിൽ എത്തുന്നത് ഒരുപിടി ചിത്രങ്ങളാണ്. അതിലൊന്നാണ് മലയാളത്തിലെ ഓണം മൂഡ് ചിത്രം സാഹസം.
'ട്വന്റി വൺ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് 'സാഹസം'. ആഗസ്റ്റ് 8 ന് ചിത്രം ആഗോള റിലീസായി എത്തിയിരുന്നു. ചിത്രത്തിലെ ഓണം മൂഡ് എന്ന ഗാനം വൈറലായിരുന്നു. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രം സൺ നെക്സിറ്റിലും ആമസോൺ പ്രൈം വീഡിയോയിലും ഇന്ന് അർധരാത്രി മുതൽ സംപ്രേഷണം ചെയ്യും.
'ട്വന്റി വൺ ഗ്രാംസ്', 'ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രം രചിച്ചത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.
പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് - ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ.