

‘കൂടൽ’ സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ട്രോളുകളിൽ പ്രതികരിച്ച് നടൻ ബിബിൻ ജോർജ്. സിനിമ കണ്ട പ്രേക്ഷകർ നെഗറ്റിവ് പറഞ്ഞിട്ടില്ലെന്നും ചിത്രം കാണാത്തവരാണ് ഇതുപോലെ പ്രതികരിക്കുന്നതെന്നും ബിബിൻ മാധ്യമങ്ങളോടു പറഞ്ഞു.
‘എന്റെ ചെറുപ്പത്തിൽ ഇതിലും വലിയ പരിഹാസം കേട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്. ട്രോളുകൾ വരട്ടെ, അതൊന്നും വിഷയമുള്ള കാര്യമല്ല.’’–ബിബിൻ പറഞ്ഞു.
നവാഗതരായ ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ സംവിധാനം ചെയ്ത ‘കൂടൽ’ എന്ന ചിത്രം ഒടിടി റിലീസിനെത്തിയതോടെയാണ് ട്രോളുകളില്‍ നിറഞ്ഞത്. സിനിമയില്‍ ബിബിൻ അവതരിപ്പിച്ച കഥാപാത്രം ‘ചാർലി’ സിനിമയിലെ ദുൽഖർ സൽമാന്റെ കഥാപാത്രത്തോട് സാമ്യമുണ്ടെന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തൽ. ‘ചാർലി’യെ അനുകരിക്കുന്ന തരത്തിലുള്ള ബിബിന്റെ ഗെറ്റപ്പും സംഭാഷണങ്ങളുമാണ് ട്രോൾ ആയി മാറിയത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ അപരിചിതരായ കുറച്ചു പേർ അട്ടപ്പാടിയിലെ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ സഹോദരി അനു സോനാര ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണ്.