തിരുവനന്തപുരം: കാസർഗോഡ് സംഗീത പരിപാടിക്കിടെയുണ്ടായ അനിയന്ത്രിതമായ തിരക്കിന്റെയും പരിപാടി പെട്ടെന്ന് അവസാനിപ്പിച്ചതിന്റേയും പശ്ചാത്തലത്തിൽ വിശദീകരണവുമായി ഗായകൻ ഹനാൻ ഷാ രംഗത്ത്. ശ്വാസതടസ്സം നേരിട്ട് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്ന സംഭവത്തിൽ തനിക്ക് അങ്ങേയറ്റം സങ്കടമുണ്ടെന്നും, വലിയ അപകടങ്ങൾ ഒഴിവാക്കാനാണ് രണ്ട് പാട്ട് മാത്രം പാടി വേദിയിൽ നിന്ന് മടങ്ങിയതെന്നും ഹനാൻ ഷാ വ്യക്തമാക്കി.(Left the stage to avoid major accidents, Hanan Shah responds to incidents during the concert)
തലേന്നുള്ള ഫ്ലൈറ്റ് ക്യാൻസലായിട്ടും, ഉറക്കമില്ലാത്ത യാത്രക്കൊടുവിൽ രണ്ട് കണക്ഷൻ ഫ്ലൈറ്റുകളിൽ കയറിയാണ് കൃത്യസമയത്ത് കാസർഗോഡ് എത്തിയത്. ഒരിടവേളയ്ക്ക് ശേഷം എത്തുന്നതുകൊണ്ട് ആരാധകരെ കാണാനും കൂടുതൽ സമയം വേദിയിൽ ചെലവഴിക്കാനും താൻ തയ്യാറായിരുന്നുവെന്നും ഹനാൻ ഷാ പറയുന്നു.
ടിക്കറ്റ് എടുത്തതിനേക്കാൾ കൂടുതൽ ആളുകൾ പുറത്തുണ്ടെന്നും അതിനാൽ തിരക്ക് കുറഞ്ഞതിന് ശേഷം മാത്രം കയറാമെന്നും പോലീസ് നിർദ്ദേശം നൽകി. 8-9 വരെ കാത്തിരുന്നിട്ടും തിരക്ക് കുറയാത്തതിനാൽ 9 മണിക്ക് വേദിയിൽ കയറാൻ അനുമതി ലഭിച്ചു. എന്നാൽ, ഉള്ള വേദിയിൽ ആളുകൾ തിങ്ങി നിറഞ്ഞതിനാലും പുറത്ത് അതിലേറെ ആളുകൾ കയറാൻ ശ്രമിക്കുന്നതിനാലും, തുടർന്നാൽ വലിയ അപകടങ്ങൾ ഉണ്ടാകുമെന്നതിനാലും പെട്ടെന്ന് രണ്ട് പാട്ട് പാടി നിർത്താനും സ്റ്റേജിന് പിന്നിലെ കാറിൽ എത്രയും പെട്ടെന്ന് കയറാനുമുള്ള പോലീസ് നിർദ്ദേശം ലഭിച്ചു.
"അതിനാലാണ് ഞാൻ പിന്നിലേക്ക് ഓടിയത്. അല്ലാതെ ആൾക്കാർ എന്നെ ബുദ്ധിമുട്ടിച്ചിട്ടല്ല. ഇനിയും പാടാനും അവിടെ നിൽക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഞാൻ അവിടെന്ന് പോകുന്നതിന് അനുസരിച്ചേ ആ തിരക്ക് കുറയുകയുള്ളൂ. അതിനാൽ എനിക്ക് നിർദ്ദേശം നൽകുന്നവരെ ആ സമയത്ത് അനുസരിച്ചേ പറ്റൂ," ഹനാൻ ഷാ പറഞ്ഞു. വേദി വിട്ട ശേഷം താൻ ആദ്യം വിളിച്ചന്വേഷിച്ചതും തിരക്കിയതും ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ പോയവരെയായിരുന്നുവെന്ന് ഹനാൻ ഷാ പറഞ്ഞു. ബുദ്ധിമുട്ടുകളില്ലാതെ ഒരു മണിക്കൂറിനുള്ളിൽ അവരെല്ലാം ആശുപത്രിയിൽ നിന്ന് ഇറങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കി.
"അവസാനത്തെ ഹെൽത്ത് വൊളന്റിയർ ആശുപത്രി വിടുമ്പോൾ കൂടെ ഉണ്ടായിരുന്ന ഒരാൾ ഞാൻ ആയിരുന്നു. അത് ആശ്വാസത്തിന്റെ വാർത്തയായിരുന്നു. കാരണം, എന്തൊക്കെ പറഞ്ഞാലും അവർ എന്റെ പരിപാടിക്ക് വന്നവരാണ്. മറ്റെന്തിനെക്കാളും എനിക്ക് അവർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ അങ്ങേയറ്റം സങ്കടമുണ്ടായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിക്ക് വന്ന ആളുകൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് ഓർത്ത് മനസ്സ് അങ്ങേയറ്റം സങ്കടത്തിലാണെന്നും ഹനാൻ ഷാ വ്യക്തമാക്കി.