
തന്റെ പുതിയ ചിത്രമായ 'പെറ്റ് ഡിറ്റക്ടീവ്' -ന്‍റെ പ്രമോഷന്‍റെ ഭാഗമായി നടന്‍ ഷറഫുദ്ദീന്‍ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഷറഫൂദീൻ മോഹൻലാലിനെ ഫോണിൽ വിളിക്കുന്നതാണ് വീഡിയോയിൽ. തുടർന്ന് രാവണപ്രഭു റിലീസ് തീയതി മാറ്റാമോയെന്ന് മോഹൻലാലിനോട് അഭ്യർഥിക്കുന്ന ഷറഫുദ്ദീനെയാണ് വീഡിയോയിൽ കാണുന്നത്.
ഒക്ടോബര്‍ 10-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ‘ദ പെറ്റ് ഡിക്ടടീവ്’ 16-ലേക്ക് മാറ്റിയതായി അറിയിച്ചുകൊണ്ടുള്ളതാണ് റീല്‍. വീഡിയോയിൽ ഷറഫൂദീൻ ഒരു നമ്പറിലേക്ക് വിളിക്കുന്നത് കാണാം. തുടർന്ന് ഒരാൾ കോൾ എടുക്കുകയും വിളിക്കുന്നത് ആരാണെന്ന് പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഫോണ്‍ എടുത്ത ആളെ ആന്റണി എന്നാണ് ഷറഫുദ്ദീന്‍ അഭിസംബോധന ചെയ്യുന്നത്. ‘ലാലേട്ടനോട് സംസാരിക്കണം’ എന്ന് ഷറഫുദ്ദീന്‍ ആവശ്യപ്പെടുമ്പോള്‍, മോഹന്‍ലാലിന്റേതിനോട് സാമ്യമുള്ള ശബ്ദത്തിലൊരാള്‍ സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
പിന്നാലെ തന്റെ ഒരു പുതിയ സിനിമയുണ്ടെന്നും ‘ദ പെറ്റ് ഡിറ്റക്ടീവ്’ എന്നാണ് ചിത്രത്തിന്റെ പേരെന്നും പറഞ്ഞ ഷറഫുദ്ദീന്‍ തനിക്ക് ഒരു അഭ്യര്‍ഥനയുണ്ടന്ന് പറയുന്നു. തന്റെ കൈയിലുള്ള പണം മുഴുവന്‍ ചേര്‍ത്ത് കഷ്ടപ്പെട്ടാണ് ചിത്രം നിര്‍മിച്ചതെന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്. ഇത് കേട്ട് താനും ആന്റണിയുമെല്ലാം ഇങ്ങനെയാണ് ചെയ്യുന്നതെന്നും മറുതലയ്ക്കലുള്ള ആള്‍ മറുപടി നല്‍കുന്നു.
ഒക്ടോബര്‍ പത്താം തീയതിയാണ് തന്റെ ചിത്രത്തിന്റെ റിലീസെന്നും അന്ന് തന്നെയാണ് മോഹൻലാൽ ചിത്രം ‘രാവണപ്രഭു’ 4K റീ- റിലീസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . ‘ഒരു ലാലേട്ടനെപ്പോലും തനിക്ക് താങ്ങാൻ കഴിയില്ല. അപ്പോഴാണ് രണ്ടുലാലേട്ടന്‍ ഒരുമിച്ച് വരുന്നത്. കരിമേഘകെട്ടഴിഞ്ഞുവീണത് തന്റെ നെഞ്ചത്താണ് ലാലേട്ടാ’, എന്ന് പറഞ്ഞ ശേഷം ‘രാവണപ്രഭു’ റീ- റിലീസ് തീയതി മാറ്റാന്‍ പറ്റുമോ?' എന്ന് ഷറഫുദ്ദീന്‍ ചോദിക്കുന്നതും വീഡിയോയിൽ കാണാം.
ഇതിനു മറുപടിയായി ‘രാവണപ്രഭു’വിലെ തന്നെ ഒരു മാസ്സ് ഡയലോഗ് പറയുന്നുണ്ട്. ‘ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ’ എന്ന് പറഞ്ഞ ശേഷം ഫോണ്‍കോള്‍ അവസാനിക്കുന്നു. ലാലേട്ടന്‍ റിലീസ് മാറ്റാത്തതുകൊണ്ട് പെറ്റ് ഡിറ്റക്ടീവിന്‍റെ റിലീസ് ഒക്ടോബർ പതിനാറാം തീയതിയിലേക്ക് മാറ്റിയെന്നും ഷറഫുദ്ദീന്‍ വീഡിയോയില്‍ പറയുന്നു.