
ഉറക്കക്കുറവ് മൂലം താനനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് തമിഴ് നടന്‍ അജിത് കുമാര്‍. വിശ്രമ സമയത്ത് സിനിമകളോ വെബ് സീരിസുകളോ കാണാൻ പോലും സമയം കണ്ടെത്താൻ കഴിയുന്നില്ലെന്നും ഉറക്കമില്ലായ്മ തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും ബാധിച്ചെന്നും അജിത് പറഞ്ഞു. ഒരഭിമുഖത്തിലായിരുന്നു തന്‍റെ രോഗാവസ്ഥയെക്കുറിച്ച് അജിത് തുറന്നു പറഞ്ഞത്.
"കഥ പറച്ചിലിനോടും സിനിമയോടുമുള്ള അഭിനിവേശം ഉണ്ടായിരുന്നിട്ടും, സ്വന്തം സിനിമകളോ വെബ് സീരിസുകളോ കാണാന്‍ സമയം കിട്ടുന്നുന്നില്ല. വിമാനയാത്രയിൽ മാത്രമേ എനിക്ക് ഉറങ്ങാൻ സമയം ലഭിക്കൂ. എനിക്ക് ഇൻസോംനിയ ഉണ്ട്. അതുകൊണ്ട് തന്നെ ഉറങ്ങാന്‍ പ്രയാസമാണ്. ഉറങ്ങിയാലും പരമാവധി നാല് മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ സാധിക്കൂ." - അജിത് കുമാര്‍ വെളിപ്പെടുത്തി. ഈ ഉറക്കക്കുറവ് തന്നെ ക്ഷീണിതനാക്കുന്നുവെന്നും സിനിമയോടുള്ള ഇഷ്ടം ഉൾപ്പെടെയുള്ളയുള്ള മറ്റ് കാര്യങ്ങളേക്കാള്‍ വിശ്രമത്തിന് മുന്‍ഗണന നല്‍കേണ്ടിവരുന്നെന്നും അജിത് പറയുന്നു.
തന്‍റെ ഭാര്യ ശാലിനി നല്‍കുന്ന പിന്തുണയെക്കുറിച്ചും അജിത് കുമാര്‍ പറഞ്ഞു. "ശാലിനിയുടെ പിന്തുണയില്ലായിരുന്നെങ്കിൽ എനിക്ക് ഇതെല്ലാം ചെയ്യാൻ കഴിയുമായിരുന്നില്ല. വീട്ടില്‍ നിന്ന് ഏറെ അകലെയായിരിക്കുന്ന സമയത്ത് കുട്ടികളുടെ കാര്യങ്ങളടക്കം ശാലിനിയാണ് കൈകാര്യം ചെയ്യുന്നത്. കുട്ടികള്‍ എന്നെ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. അവര്‍ എന്നെ മിസ് ചെയ്യുന്നപോലെ അവരെയും ഞാന്‍ മിസ് ചെയ്യുന്നു. സിനിമ ആയാലും റേസിംഗ് ആയാലും, എന്റെ കാഴ്ചപ്പാടുകൾ മക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. അവർ സ്വന്തമായി മുന്നോട്ട് എത്തണം. സാധ്യമായ വിധത്തില്‍ അവരെ പിന്തുണയ്ക്കണമെന്നാണ് എന്‍റെ ആഗ്രഹം." - അജിത് പറഞ്ഞു.
റേസിങ് ട്രാക്കിൽ സജീവമാണ് നടൻ. കഴിഞ്ഞദിവസം ബാഴ്‌സലോണ 24 എച്ച് റേസിൽ അജിത്തിന്റെ റേസിങ് ടീം നാലാം സ്ഥാനത്ത് എത്തിയിരുന്നു. 'ഗുഡ്ബാഡ് അഗ്ലി' എന്ന സിനിമയിലാണ് അജിത് അവസാനമായി അഭിനയിച്ചത്.