

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടിയും ബി ജെ പി നേതാവുമായ ഖുശ്ബു സുന്ദര്‍ രംഗത്തെത്തി. തുറന്നു പറച്ചില്‍ ഇന്നോ നാളെയോ എന്നത് പ്രശ്‌നമല്ലെന്ന് പറഞ്ഞ ഖുശ്‌ബു, തുറന്നുപറയണമെന്നതാണ് പ്രധാനമെന്ന് കൂട്ടിച്ചേർത്തു.
എത്ര നേരത്തെ തുറന്നു പറയുന്നുവോ അത്ര വേഗത്തിൽ മുറിവുകൾ ഉണങ്ങാൻ അത് സഹായിക്കുമെന്നും, അന്വേഷണം കാര്യക്ഷമമാക്കാൻ സഹായകമാകുമെന്നും നടി വ്യക്തമാക്കി. അവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ലൈംഗിക പീഡനങ്ങൾ എല്ലായിടത്തും ഉള്ളതാണെന്നും ഖുശ്‌ബു സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു.
അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങൾ വെളിപ്പെടുത്തൽ നടത്തുന്നവരെ തകർത്തു കളയുന്നുവെന്ന് പറഞ്ഞ താരം, നമുക്ക് പരിചയമില്ലാത്തയാളാണ് അതിജീവിതയെങ്കിലും, നമ്മുടെ പിന്തുണ അവർക്ക് ആവശ്യമാണെന്നും, അവരെ കേൾക്കാനുള്ള മനസ് കാട്ടണമെന്നും ആവശ്യപ്പെട്ടു.