
പാട്ടു പാടി നൃത്തം ചെയ്ത് കുഞ്ചാക്കോ ബോബനും റിമി ടോമിയും. കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും ഒന്നിച്ചാലപിച്ച ‘പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് പാടുന്നത്. കൈതപ്രം വരികൾ എഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മോഹൻ സിത്താരയാണ്.
വിദേശത്ത് നടന്ന സംഗീത പരിപാടിയ്ക്കിടെയാണ് ഇരുവരും പാടി അഭിനയിച്ചത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് റിമിയും കുഞ്ചാക്കോയും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കറുത്ത സാരിയിൽ അതിസുന്ദരിയായാണ് റിമി ടോമി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നതെങ്കിൽ കറുത്ത പാന്റസും ഓവർക്കോട്ടും ധരിച്ചാണ് ചാക്കോച്ചൻ എത്തുന്നത്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
'എന്ത് രസമാണ് ഇവരുടെ പാട്ട് കേൾക്കാൻ' എന്നാണ് ആരാധകർ പറയുന്നത്. 'ഒരു ചെറുചിരിയോടെ അല്ലാതെ ഈ വിഡിയോ കാണാൻ കഴിയില്ല' എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. കുഞ്ചാക്കോ നന്നായി പാടുന്നുണ്ടെന്നും പ്രേക്ഷകർ കുറിച്ചു. രണ്ട് പേരുടെയും പ്രായവും കമന്റ് ബോക്സിൽ ചർച്ചയാകുന്നുണ്ട്.
ഇതിനു മുൻപും റിമി ടോമിയും കുഞ്ചാക്കോ ബോബനും പല വേദികളിലും ഒരുമിച്ചെത്തുകയും രസകരമായ പ്രകടനങ്ങളിലൂടെ ആരാധകരെ ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ, ഒരു വേദിയിൽ വച്ച് തന്റെ അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരിയായിരുന്നു റിമി ടോമിയെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയിരുന്നു. തന്നെ കൊണ്ട് റിമിയെ കെട്ടിക്കാനുള്ള പ്ലാനും അപ്പച്ചനുണ്ടായിരുന്നു. എന്നാല്‍ കെട്ടാതിരുന്നത് തന്റെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാനാണ് എന്നാണ് തമാശ രൂപേണ കുഞ്ചാക്കോ ബോബൻ അന്ന് പറഞ്ഞത്. അത് ഏറെ വൈറലായിരുന്നു.