

ചലച്ചിത്രതാരങ്ങളുടെ വിദേശപരിപാടികൾക്ക് വലിയ ഡിമാൻഡ് ആണ്. താരങ്ങൾക്കു വലിയ വരുമാനവും ഇതിൽനിന്നു ലഭിച്ചിരുന്നു. രണ്ടാംനിര, മൂന്നാംനിര താരങ്ങളുടെ പ്രധാന വരുമാനസ്രോതസ് കൂടിയാണ് ഇത്തരം വിദേശപരിപാടികൾ. കൊറോണയ്ക്കുശേഷമാണ് വിദേശപരിപാടികളിൽ ഗണ്യമായ കുറവുവന്നത്.
ഒരിക്കൽ ഒരു സ്റ്റാർനൈറ്റ് പരിപാടിക്ക് ഒരുഡസനോളം സിനിമാതാരങ്ങൾ അമേരിക്കയിലേക്കു പോയി. അവിടെ വച്ചുണ്ടായ ഒരു സംഭവമാണിത്, ജയറാമിന്റെ നർമ്മവും. ചിക്കാഗോയിൽ എത്തിയപ്പോൾ ട്രൂപ്പിനൊപ്പമുള്ള കോട്ടയം നസീറിന് ചിക്കൻപോക്സ് പിടിപെട്ടു. വളരെ നേരത്തേ പ്ലാൻ ചെയ്ത പരിപാടിയാണ്. ഒരാൾ ഒഴിവായാൽ അതു കളക്ഷനെ ബാധിക്കും. ഏതായാലും നാലഞ്ചു ദിവസം കഴിഞ്ഞേ അവിടെ പരിപാടി ഉള്ളൂ എന്നൊരു സമാധാനമുണ്ട്. അതുകൊണ്ട് ചിക്കൻപോക്സ് മാറിയാലും ഇല്ലേലും തന്റെ സാന്നിധ്യം പരിപാടിക്കുണ്ടാകുമെന്ന് നസീർ ഉറപ്പുനൽകി.
"ചിക്കാ... ഗോ...' എന്ന മന്ത്രം ജപിച്ച് നസീർ ഹോട്ടൽ മുറിയിൽത്തന്നെ കഴിഞ്ഞു. പരിപാടിയുടെ ദിവസമായപ്പോഴേക്കും രോഗം തെല്ല് ശമിച്ചു. ചിക്കൻപോക്സിന്റെ ഫലമായുണ്ടായ മുഖത്തെ ഗർത്തങ്ങളൊക്കെ മേക്കപ്പ് ചെയ്തു ശരിയാക്കി നസീർ സ്റ്റേജിൽ കയറി. പരിപാടിക്കു മുമ്പുതന്നെ സംഘാടകർ നസീറിന്റെ അസുഖത്തെക്കുറിച്ച് പ്രേക്ഷകരെ ധരിപ്പിച്ചു. പകരാതിരിക്കാൻ ആരും ഷേക്ഹാൻഡ് കൊടുക്കരുതെന്ന് മുന്നറിയിപ്പും നൽകി.
പക്ഷേ പ്രോഗ്രാം കഴിഞ്ഞതും കോട്ടയം ജില്ലക്കാരായ മലയാളികളിൽ പലരും "നസീറേ, എന്തുണ്ട് വിശേഷം' എന്നു ചോദിച്ച് ചുറ്റും കൂടി കെട്ടിപ്പിടിത്തവും ഫോട്ടോയെടുക്കലുമായി.
ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ ജയറാമിന്റെ കമന്റ്, "നീ ടിവി വാർത്ത അറിഞ്ഞോ? ചിക്കാഗോയിലെ കോട്ടയം ജില്ലക്കാരായ 25 പേർ ചിക്കൻപോക്സ് പിടിച്ച് കിടപ്പിലായെന്ന്.'
ജയറാമിന്റെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടി. 'ശരിക്കും ചിക്കൻപോക്സ് പടർന്നോ..?'