
‘കിളിയെ കിളിയെ’ ഗാനത്തിന്റെ മോഡേൺ വേർഷൻ അവതരിപ്പിച്ച് നടൻ വിനീത് കുമാർ. ‘മൂവ് മെന്റൽ’ ഡാൻസ് സ്റ്റുഡിയോയിൽ സുഹൃത്തുക്കൾക്കൊപ്പമാണ് വിനീത് ഗാനത്തിന് ചുവടുവച്ചത്. പഴയ ഗാനത്തിന് ട്രെൻഡിങ്ങ് ചുവടുകൾ ചേർത്തിണക്കിയായിരുന്നു നൃത്തം. വലിയ പ്രേക്ഷക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്.
ആരാധകർക്കൊപ്പം സ്വാസിക, സുരഭി ലക്ഷ്മി, അനുമോൾ തുടങ്ങി നിരവധി സിനിമാ താരങ്ങളും വിഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചിട്ടുണ്ട്. ‘കിളിയേ കിളിയേ വിനീതേട്ടൻ കൊണ്ടുപോയി’ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ‘പൊളി ഡാൻസ്’ എന്നാണ് നർത്തകനും അവതാരകനുമായ സുഹൈദ് കുക്കു കമന്റ് ചെയ്തത്.
വിനീതിന്റെ ലുക്കും കമന്റ് ബോക്സിൽ ചർച്ചയാകുന്നുണ്ട്. കറുത്ത ടീഷർട്ടും ജീൻസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് വിനീത് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘ഇനി ഇയാളാണോ ശരിക്കും നീലി. അന്നും ഇന്നും എന്നും ഒരേപോലെ ഉണ്ട്’, ‘തനിക്ക് പ്രായമാവത്തില്ലേടോ?’ എന്നിങ്ങനെ പോകുന്നു പ്രായത്തെ കുറിച്ചുള്ള കമന്റുകൾ.
'ലോക’ സിനിമയിലൂടെ വീണ്ടും ട്രെൻഡിങ്ങിലായ ഗാനമാണ് ‘കിളിയേ കിളിയേ’. 1983 ൽ പുറത്തിറങ്ങിയ ‘ആ രാത്രി’ എന്ന സിനിമയിലേതാണ് ഈ ഗാനം. 2023 ൽ ഡിജെ ശങ്കർ ‘കിളിയേ കിളിയേ’ റീമിക്സ് ചെയ്ത് പുറത്തിറക്കിയിരുന്നു. അന്ന് ഒരു കോടിയോളം കാഴ്ചക്കാരെ സ്വന്തമാക്കിയ ഗാനമാണ് രണ്ട് വർഷത്തിനു ശേഷം വീണ്ടും ട്രെൻഡാകുന്നത്.