സുരേ് ഗോപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണണമെന്ന് ആഗ്രഹം അറിയിച്ച് ലിപ് സിങ് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം കിലി പോള്‍. വിഡിയോയിലൂടെയാണ് കിലി പോൾ തന്റെ ആഗ്രഹം അറിയിച്ചത്. ‘ഓർമയുണ്ടോ ഈ മുഖം’ എന്ന സുരേഷ് ഗോപിയുടെ പ്രശസ്ത ഡയലോഗ് പറഞ്ഞു കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. "ഞാൻ അങ്ങയുടെ വലിയ ഫാൻ ആണ്. അങ്ങയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഒരു ദിവസം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുവേണ്ടി ഞാൻ പ്രാർഥിക്കുന്നു. ഈ സന്ദേശം അങ്ങയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ." - കിലി പോൾ പറഞ്ഞു.
കിലി പോളിന്റെ വിഡിയോയ്ക്ക് മറുപടിയുമായി സുരേഷ് ഗോപിയും എത്തി. "ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ. നിങ്ങള്‍ എന്റെ പേര് പറയുന്നത് കേൾക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. എന്തായാലും കാണാം. ഞാൻ തൊടുപുഴയിൽ പുതിയ സിനിമയുടെ ഷൂട്ടിങ്ങിലാണ്. കൊച്ചിയിൽ നിന്ന് തൊടുപുഴയിലേക്ക് ഒന്നര മണിക്കൂർ യാത്രയേ ഉള്ളൂ. ഈ മാസം 29 വരെ ഞാൻ ഇവിടെ ഉണ്ടാകും. ഏത് ദിവസം ഏത് സമയത്ത് വേണമെങ്കിലും ഇവിടെ വന്ന് എന്നെ കാണാം. 30 മുതൽ 1 വരെ ഞാൻ തൃശൂർ എന്റെ മണ്ഡലത്തിലായിരിക്കും." - സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം കിലി പോളിനെ ഇന്ത്യൻ ഹൈക്കമ്മിഷന്‍ ആദരിച്ചിരുന്നു. ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ബിശ്വദീവ് ദേയ്‌യാണ് കിലി പോളിന് പുരസ്കാരം നൽകി ആദരിച്ചത്. സഹോദരി നീന പോളിനൊപ്പമാണ് കിലി പോൾ അവർഡ് ഏറ്റുവാങ്ങിയത്.