'കേരള സ്റ്റേറ്റ് മസ്‌കുലിൻ അവാർഡ്‌സ്, ജൂറിയ്ക്ക് ആൺനോട്ടം എന്താണെന്ന് മനസിലാക്കാൻ ഇപ്പോഴും ബുദ്ധിമുട്ട്': സംസ്ഥാന ചലച്ചിത്ര അവാർഡിനെ വിമർശിച്ച് ശ്രുതി ശരണ്യം | State film award
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായിക ശ്രുതി ശരണ്യം രംഗത്ത്. ജൂറിക്ക് 'ആൺനോട്ടം' എന്താണെന്ന് മനസ്സിലാക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നത് അവാർഡ് ഫലം വ്യക്തമാക്കുന്നുവെന്നും, ലൈംഗിക കുറ്റവാളികളെപ്പോലും യാതൊരു മടിയുമില്ലാതെ ആഘോഷിക്കുന്നുവെന്നും ശ്രുതി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.(Kerala State Masculine Awards, Shruthi Sharanyam criticizes the state film award)
ശ്രുതി ശരണ്യം സംസ്ഥാന ചലച്ചിത്ര അവാർഡിനെ 'കേരള സ്റ്റേറ്റ് മസ്‌കുലിൻ അവാർഡ്‌സ്-ഹൈലൈറ്റ്‌സ്' എന്നാണ് വിശേഷിപ്പിച്ചത്. "എൻട്രികളുടെ പത്ത് ശതമാനം മാത്രമേ സ്ത്രീകേന്ദ്രീകൃത സിനിമകളുണ്ടായിരുന്നുളളൂ എന്നാണ് ജൂറി ചെയർമാൻ പറഞ്ഞത്. എന്നിട്ട് അവർ ഒരു 'ഹൊയ്‌ഡെനിഷ്' സിനിമയ്ക്കുമേൽ അവാർഡുകൾ ചൊരിഞ്ഞു. അതും പോരാതെ, ലൈംഗിക കുറ്റവാളികളെ പോലും ഒരു മടിയില്ലാതെ ആഘോഷിക്കുന്നു."
"'ബഹുമാനപ്പെട്ട' ജൂറിയ്ക്ക് ആൺനോട്ടം എന്താണെന്ന് മനസിലാക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നത് വ്യക്തം," അവർ വിമർശിച്ചു. "ഇതിനിടെ കാനിലും സിയോളിലും തരംഗം സൃഷ്ടിച്ച സ്ത്രീകേന്ദ്രീകൃത സിനിമകളടക്കം സൗകര്യപൂർവ്വം മാറ്റി നിർത്തപ്പെടുന്നു. അവന്റെ സിനിമ. അവന്റെ അവാർഡ്. അവന്റെ നോട്ടം." സംസ്ഥാന പുരസ്കാരങ്ങളെക്കുറിച്ചുള്ള പൊതുചർച്ചകൾക്ക് ആക്കം കൂട്ടുന്നതാണ് ശ്രുതി ശരണ്യത്തിന്റെ ഈ വിമർശനം.
