തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ആറ് ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ചിത്രങ്ങൾക്ക് സെൻസർ ഇളവ് അനുവദിക്കാനാവില്ലെന്ന കേന്ദ്ര നിർദേശത്തിന് സംസ്ഥാന സർക്കാർ ഒടുവിൽ വഴങ്ങി. ഇതോടെ വിവാദമായ ആറ് ചിത്രങ്ങളുടെ പ്രദർശനം മേളയിൽ നിന്ന് ഒഴിവാക്കാൻ ചീഫ് സെക്രട്ടറി ചലച്ചിത്ര അക്കാദമിക്ക് നിർദേശം നൽകി.(Kerala finally gives in to the center, 6 films will be excluded from IFFK 2025)
കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച ആറ് ചിത്രങ്ങൾ ഓൾ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്ലെയിംസ്, ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ്: അൺകൺസീൽഡ് പോയട്രി എന്നിവയാണ്.
നേരത്തെ, കേന്ദ്രം അനുമതി നിഷേധിച്ച 19 ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും വ്യക്തമാക്കിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം.