
‘കിങ്ഡ’ത്തിനു ശേഷം വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രം ഹൈദരാബാദിൽ ആരംഭിച്ചു. ‘SVC59’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരൺ കോലയാണ്. മലയാളികളുടെ പ്രിയ താരം കീർത്തി സുരേഷ് ആണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിലെ നായിക. അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ്.
'രാജാ വാരു റാണി ഗാരു' എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ഗംഭീര ചുവടുവയ്‌പ്പ് നടത്തിയ രവി കിരൺ കോലയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. ഭീഷ്മപർവം, ഹെലൻ, പൂക്കാലം, ബോഗയ്‌വില്ല, ഗോൾഡ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആനന്ദ് സി. ചന്ദ്രൻ ആണ് ഛായാഗ്രഹണം. ഭ്രമയുഗം, സൂക്ഷ്മദർശിനി, ടർബോ, ഡീയസ് ഈറേ എന്നീ ചിത്രങ്ങൾക്ക് ഈണം ഒരുക്കിയ ക്രിസ്റ്റോ സേവ്യറാണ് സംഗീതം.
റൂറൽ ആക്‌ഷൻ ഡ്രാമയാകും ചിത്രം. ഇതാദ്യമായാണ് വിജയ് ഇത്രയും വലിയൊരു ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ഫാമിലി സ്റ്റാറി'ന് ശേഷം വിജയ് ദേവരകൊണ്ടയും ദിൽ രാജുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'SVC59'. പിആർഒ : പി.ശിവപ്രസാദ്.