

ആന്‍റണി വർഗീസിനെ നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാട്ടാളൻ'. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ പല സാഹസിക രംഗങ്ങളും ഉണ്ട്. അത്തരത്തിലുള്ള ചിത്രത്തിന്‍റെ ബിടിഎസ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സ്റ്റണ്ട്മാന്മാർക്ക് ആദരമർപ്പിച്ചുകൊണ്ടുള്ളതാണ് വിഡിയോ.
കാർ അപകടം ചിത്രീകരിക്കുന്നതിന്‍റെ അണിയറ രംഗങ്ങളാണ് പുറത്തുവിട്ടത്. പാഞ്ഞെത്തുന്ന കാർ തലകീഴായി മറിയുന്നതാണ് വിഡിയോയിലുള്ളത്. കാർ മറിഞ്ഞതിനു പിന്നാലെ ഡ്രൈവർക്ക് എങ്ങനെയുണ്ട് എന്നറിയാൻ അണിയറ പ്രവർത്തകർ ഒന്നടങ്കം കാറിന് അടുത്തേക്ക് ഓടിയെത്തുന്നു. തുടർന്ന് ഡ്രൈവർ സീറ്റിന്‍റെ ഡോർ തുറന്ന് ഡ്രൈവറെ പുറത്തെടുക്കുന്നു. 'അൺസങ് ഹീറോ' എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
തായ്ലൻറിൽ ചിത്രീകരണം തുടങ്ങിയ സിനിമയുടെ ചിത്രീകരണം നൂറു ദിവസത്തോളം നീണ്ടുനിൽക്കും. വലിയ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്‍റെ സംഭാഷണ രചയിതാവ് ആർ. ഉണ്ണിയാണ്. അജനീഷ് ലോകനാഥാണ് സംഗീത സംവിധായകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്-ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.