

ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. ഫഹദ് ഫാസിൽ ചിത്രം ‘ആവേശ’ത്തിൽ അജു എന്ന കഥാപാത്രമായെത്തിയ ഹിപ്സ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ താരമായ പ്രണവ് രാജ് ‘കാട്ടാളനി’ൽ എത്തുന്ന വിവരമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് പുറത്തുവിട്ടിരിക്കുന്നത്.
ഹിപ്സ്റ്റർ ഗെയ്മിങ് എന്ന യുട്യൂബ് ചാനൽ തുടങ്ങിയതോടെ യൂട്യൂബിൽ ഹിപ്സ്റ്ററുടെ വിഡിയോയ്‌ക്കെല്ലാം ദശലക്ഷക്കണക്കിന് ആരാധകരാണുണ്ടായിരുന്നത്. സിനിമാലോകത്തേക്ക് എത്തിയതിന് പിന്നാലെ ഹിപ്സ്റ്ററിന്‍റെ ആരാധകവൃന്ദം വീണ്ടും വളർന്നു. ഇപ്പോഴിതാ തന്‍റെ രണ്ടാം ചിത്രത്തിലൂടെ ഞെട്ടിക്കാനെത്തുകയാണ് രങ്കണ്ണന്‍റെ സ്വന്തം അജൂവായെത്തിയ പ്രണവ്.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മെയ് മാസം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.