Latest Podcast
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയ്, താൻ വൈകിയെത്തിയതിന് ക്ഷമ ചോദിക്കുകയും കുടുംബങ്ങളോട് മാപ്പ് പറയുകയും ചെയ്തു. കൂടിക്കാഴ്ചയിൽ വികാരഭരിതനായ വിജയ്, മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകളുടെ കാലിൽ തൊട്ട് ക്ഷമ ചോദിച്ചതായി ബന്ധുക്കൾ അറിയിച്ചു.( Karur tragedy, Vijay apologizes to the family members of the deceased)
ദുരന്തം സംഭവിച്ചതിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ദുരന്തത്തിൽപ്പെട്ട 37 കുടുംബങ്ങളെയാണ് ഇതിനായി മഹാബലിപുരത്തേക്ക് എത്തിച്ചത്.
കരൂരിലെ ദുരിതബാധിതരുടെ വീടുകളിൽ നേരിട്ട് എത്താൻ കഴിയാത്തതിന് വിജയ് വിശദീകരണം നൽകി. മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചതാണ് കാരണം. എല്ലാവരുമായി വിശദമായി സംസാരിക്കാൻ വേണ്ടിയാണ് കുടുംബാംഗങ്ങളെ ചെന്നൈയിൽ എത്തിച്ചതെന്നും വിജയ് പൊലീസിനോട് പറഞ്ഞിരുന്നു.
ഇന്നലെ (ഒക്ടോബർ 27) രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 6:30 വരെ വിജയ് കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചു. പാർട്ടി ബുക്ക് ചെയ്ത റിസോർട്ടിലെ മുറികളിൽ നേരിട്ടെത്തിയാണ് അദ്ദേഹം ഓരോ കുടുംബത്തെയും കണ്ടത്.
കൂടിക്കാഴ്ചയിൽ എല്ലാ കുടുംബങ്ങൾക്കും സാമ്പത്തിക സഹായം ഉറപ്പുനൽകിയതായും കുട്ടികളുടെ വിദ്യാഭ്യാസ സഹായം ഉൾപ്പെടെ എല്ലാ പിന്തുണയും നൽകുമെന്നും ടിവികെ ഉറപ്പ് നൽകി. ദുരിതത്തിലായ കുടുംബങ്ങളോട് നേരിട്ട് അനുശോചനം അറിയിക്കുന്നതിനും പിന്തുണ വാഗ്ദാനം ചെയ്യുന്നതിനുമായാണ് ടിവികെ ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
കഴിഞ്ഞ മാസമാണ് ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരണപ്പെട്ടത്. സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനായി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.