
ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'കാന്ത'യുടെ റിലീസ് മാറ്റി. 'ലോക ചാപ്റ്റർ 1: ചന്ദ്ര'യുടെ വമ്പൻ വിജയത്തിന് പിന്നാലെയാണ് കാന്തയുടെ റിലീസ് മാറ്റിവച്ചത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് കാന്ത നിർമ്മിച്ചിരിക്കുന്നത്. 1950 കാലത്തെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ. സെപ്റ്റംബർ 12ന് കാന്ത തിയറ്ററുകളിൽ എത്തുമെന്നായിരുന്നു വിവരം. എന്നാലിപ്പോൾ ചിത്രത്തിന്‍റെ റിലീസ് മാറ്റിയാതായി അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.
"കാന്തയുടെ ടീസർ പുറത്തിറങ്ങിയതിനുശേഷം നിങ്ങൾ കാണിച്ച സ്നേഹവും പിന്തുണയും ഞങ്ങളെ ശരിക്കും സ്പർശിച്ചു. ഇത് നിങ്ങൾക്ക് ഏറ്റവും മികച്ചത് നൽകാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു. ലോകയുടെ മികച്ച വിജയത്തോടെ, ബോക്സ് ഓഫിസിൽ ചന്ദ്രയുടെ കുതിച്ചുചാട്ടം തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, കാന്തയുടെ റിലീസ് മാറ്റിവെച്ചു, പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. അതുവരെ, ഞങ്ങളോടൊപ്പം നിന്നതിന് ഒരിക്കൽ കൂടി നന്ദി. നിങ്ങളെ ഉടൻ തന്നെ തിയറ്ററുകളിൽ കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്." - എന്ന കുറിപ്പാണ് ദുൽഖർ പങ്കുവെച്ചത്.
തമിഴിൽ ഒരുക്കിയ കാന്ത മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. രണ്ടു പ്രമുഖ കലാകാരന്മാർക്കിടയിലെ ഈഗോയും മറ്റുമാണ് ചിത്രത്തിന്‍റെ കഥാതന്തു. തമിഴ് സിനിമയുടെ സുവർണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ടീസർ ദുൽഖർ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. നടനായ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്.
ദുൽഖറിന് പുറമെ, സമുദ്രക്കനി, ഭാഗ്യശ്രീ ഭോർസെ, റാണ ദഗ്ഗുബതി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ദുൽഖറിന്റെതന്നെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, തെലുങ്ക് താരം റാണ ദുഗ്ഗബട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നിവയാണ് നിർമാതാക്കൾ. ജാനു ചന്തറാണ് സംഗീതം. ലെവ്ലിൻ ആന്റണി ഗോൺസാൽവസാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്.
അതേസമയം, മലയാള സിനിമയിലെ ആദ്യത്തെ വനിത സൂപ്പർഹീറോ ചിത്രമായ 'ലോക ചാപ്റ്റർ 1: ചന്ദ്ര'. റിലീസായി 14 ദിവസം കൊണ്ട് 200 കോടി കടന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ ചിത്രം ബോക്സ് ഓഫിസിൽ മികച്ച പ്രകടനം തുടരുകയാണ്.