
രണ്ടാം ദിനവും ബോക്സോഫീസ് കളക്ഷനിൽ പ്രകമ്പനം തീർത്ത് റിഷഭ് ഷെട്ടിയുടെ കന്നട ചിത്രം 'കാന്താര ചാപ്റ്റർ 1'. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ ബോക്സോഫീസിൽ നിന്ന് 150 കോടി കളക്ഷനാണ് ഈ ചിത്രം നേടിയത്. ഈ വാരാന്ത്യത്തിൽ തന്നെ ഈ പാൻ ഇന്ത്യൻ ചിത്രം 200 കോടിയുടെ കളക്ഷൻ വാരുമെന്നാണ് സിനിമാ മേഖലയിൽ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
ചിത്രത്തിൻ്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 153 കോടി കവിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. ദസറ അവധി ദിനത്തിൽ തിയേറ്ററിലെത്തിയ 'കാന്താര ചാപ്റ്റർ 1' ആദ്യ ദിനത്തിൽ ലോകമെമ്പാടുമായി 90 കോടി രൂപയുടെ കളക്ഷൻ നേടിയിരുന്നു. രണ്ടാം ദിനം ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് മാത്രം 45 കോടിയുടെ കളക്ഷനാണ് നേടിയത്. ഇതോടെ രണ്ട് ദിവസത്തെ ആഭ്യന്തര നെറ്റ് കളക്ഷൻ 106.85 കോടി രൂപയായി (128.25 കോടി രൂപ ഗ്രോസ്).
ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായ 'സു ഫ്രം സോ'യുടെ ലൈഫ് ടൈം കളക്ഷൻ കാന്താര രണ്ടാം ഭാഗം മറികടന്നു.'കാന്താര ചാപ്റ്റർ 1' ആദ്യ രണ്ട് ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ 2.5 മില്യൺ ഡോളറിലധികം വരുമാനം നേടി. ഇതോടെ രണ്ട് ദിവസം കൊണ്ട് ലോകമെമ്പാടും നിന്നായി 151 കോടി രൂപയുടെ കളക്ഷൻ ഈ കന്നട ചിത്രം നേടി.