‘കാന്ത’ ടീമും ദുൽഖർ സൽമാനും നവംബർ 7ന് കൊച്ചി ലുലു മാളിൽ | Kaantha

ചിത്രം നവംബർ 14 നാണ് ആഗോള റിലീസായി എത്തുന്നത്.
Kaantha
Published on

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ കേരളാ പ്രമോഷന്റെ ഭാഗമായി ദുൽഖർ സൽമാനും ‘കാന്ത’ ടീമും നവംബർ 7 നു കൊച്ചിയിൽ എത്തുന്നു. കൊച്ചി ലുലു മാളിൽ നടക്കുന്ന പ്രമോഷൻ ഇവന്റിൽ ആണ് കാന്ത ടീമിനൊപ്പം ദുൽഖർ സൽമാൻ എത്തുന്നത്. വൈകുന്നേരം 6 മണിക്കാണ് പ്രോമോ ഇവന്റ് ആരംഭിക്കുന്നത്. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, സംവിധായകൻ സെൽവമണി സെൽവരാജ് എന്നിവരും കൊച്ചി ലുലു മാളിൽ എത്തുന്നുണ്ട്.

സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 നാണ് ആഗോള റിലീസായി എത്തുന്നത്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നതും വേഫറെർ ഫിലിംസ് തന്നെയാണ്.

'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് കാന്തയുടെ സംവിധായകനായ സെൽവമണി സെൽവരാജ്. ഇതിനോടകം തന്നെ വലിയ പ്രേക്ഷക പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഇതിലെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. തെന്നിന്ത്യയിലെ ദുൽഖർ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ, അടുത്തിടെ പുറത്തു വന്ന ടൈറ്റിൽ ട്രാക്ക് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. തമിഴ് – തെലുങ്ക് റാപ് ആന്തം ആയി ഒരുക്കിയ ഈ ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ദുൽഖർ സൽമാന്റെ കരിയറിലെ എണ്ണം പറഞ്ഞ പ്രകടനങ്ങളിൽ ഒന്നായിരിക്കും ചിത്രം സമ്മാനിക്കുക എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ ഉൾപ്പെടെയുള്ളവ നൽകുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് സഞ്ചരിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി.

Related Stories

No stories found.
Times Kerala
timeskerala.com