തെലുങ്ക് ചിത്രം 'കണ്ണപ്പ'യുടെ ഹാർഡ് ഡിസ്ക് മോഷണവുമായി ബന്ധപ്പെട്ട സംഭവത്തിൽ തന്റെ സഹോദരനെതിരെ നടൻ വിഷ്ണു മഞ്ചു. ഹാർഡ് ഡിസ്ക് മോഷ്ടിച്ചതിൽ തന്റെ സഹോദരൻ മനോജ് മഞ്ചുവിന് പങ്കുണ്ടെന്ന് ചിത്രത്തിലെ നായകൻ വിഷ്ണു മഞ്ചു ആരോപിച്ചു. ചെന്നൈയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു മഞ്ചു ഇക്കാര്യം വ്യക്തമാക്കിയത്.
"ഞങ്ങളുടെ കുടുംബത്തിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഞങ്ങളുടെ സുഹൃത്തുക്കൾ വഴി മനോജിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവർ അത് മോഷ്ടിച്ചതാണോ അതോ മറ്റാരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങി ചെയ്തതാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. മനോജിനെ ബന്ധപ്പെടാൻ കഴിയാതെ വന്നതിന് ശേഷമാണ് ഞങ്ങൾ പോലീസിൽ പരാതി നൽകിയത്." - വിഷ്ണു മഞ്ചു പറഞ്ഞു.
മുംബൈയിലെ ഹൈവ് സ്റ്റുഡിയോയിൽ നിന്ന് ഹൈദരാബാദിലെ ഫിലിം നഗറിലുള്ള ഇവരുടെ പിതാവിന്റെ വസതിയിലേക്ക് ഹാർഡ് ഡിസ്കുകൾ അയച്ചു എന്നാണ് റിപ്പോർട്ട്. മഞ്ചു സഹോദരങ്ങൾക്കുള്ള പാക്കേജുകൾ പതിവായി ഇവിടെയാണ് എത്താറുള്ളത്. രഘു, ചരിത എന്നീ രണ്ട് വ്യക്തികൾക്കാണ് ഡിസ്ക് കൈമാറിയത്. ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. മനോജ് മഞ്ചുവുമായി ഇരുവരും ബന്ധപ്പെട്ടിട്ടുണ്ടെന്നും വിഷ്ണു മഞ്ചു പറഞ്ഞു. രഘു, മനോജിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി പ്രവർത്തിക്കുകയാണെന്നും ചരിത അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും വിഷ്ണു ആരോപിച്ചു. ഹാർഡ് ഡിസ്ക് പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും ലീക്കാകാൻ സാധ്യതയുണ്ടെന്നും വിഷ്ണു മഞ്ചു വ്യക്തമാക്കി. സിനിമയുടെ ലീക്കാകുന്ന രംഗങ്ങൾ കാണരുതെന്നും വിഷ്ണു മഞ്ചു അഭ്യർത്ഥിച്ചു.
മോഹൻലാൽ അടക്കം ഇന്ത്യയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'കണ്ണപ്പ'. കടുത്ത ശിവ ഭക്തനായ കണ്ണപ്പയുടെ കഥയാണ് ചിത്രം പറയുന്നത്. വിഷ്ണു മഞ്ചുവാണ് ടൈറ്റിൽ റോളിലെത്തുന്നത്. പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു. ജൂൺ 27 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.