തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായെത്തുന്ന ചിത്രം 'കണ്ണപ്പ' പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്നു. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ കണ്ണപ്പയിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിലെ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി ചിത്രത്തിന്റെ ഗ്രാൻഡ് ട്രെയിലര്‍ ലോഞ്ച് ഇവന്റ് കേരളത്തിൽ നടത്തുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ജൂൺ 14ന് കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന ഇവെന്റിൽ മലയാളത്തിന്റെ മോഹൻലാൽ, തെലുങ്ക് താരം വിഷ്ണു മഞ്ജു, മോഹൻബാബു , മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാർ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും മലയാള സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കുന്നു. ചിത്രത്തിന്റെ കേരളാ വിതരണം നിർവഹിക്കുന്നത് ആശിർവാദ് സിനിമാസാണ്.
മുകേഷ് കുമാർ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കണ്ണപ്പ, 2025 ജൂണ്‍ 27-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസിനെത്തും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ കണ്ണപ്പയിൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ വരുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.