കന്നഡ ഭാഷ തർക്കവുമായി ബന്ധപ്പെട്ട് ബിജെപി എംപി തേജസ്വി സൂര്യയ്ക്കെതിരെ ഗായകൻ സോനു നിഗം പ്രതികരിച്ചെന്ന വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. സോനു നിഗത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് എക്സ് അക്കൗണ്ടിൽ നിന്നാണ് തേജസ്വി സൂര്യയ്ക്കെതിരായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, തനിക്ക് എക്സിൽ അക്കൗണ്ട് ഇല്ലെന്ന് വ്യക്തമാക്കി സോനു നിഗം തന്നെ രംഗത്തെത്തി. ഇതോടെ വ്യാജ വാർത്തകൾക്ക് വിരാമമായി.
"ഞാൻ ട്വിറ്ററിലോ എക്‌സിലോ ഇല്ല. സോനു നിഗം സിംഗ് എന്ന ഈ അക്കൗണ്ടിൽ നിന്ന് വരുന്ന വിവാദപരമായ പോസ്റ്റ് എന്റെയും എന്റെ കുടുംബത്തിന്റെയും ജീവൻ അപകടത്തിലാക്കുന്നതാണ്. ഈ മനുഷ്യൻ എന്റെ പേരും വിശ്വാസ്യതയും ഉപയോഗിച്ച് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയാമോ? ഞങ്ങളുടേതല്ലാത്ത തെറ്റ് കാരണം എത്രമാത്രം അപകടത്തിലാണ് ഞങ്ങൾ. ഇതിനെക്കുറിച്ച് അറിയുന്ന പത്രങ്ങൾ, ഭരണകൂടം, സർക്കാർ നിയമം എന്നിവരെല്ലാം നിശബ്ദമാണ്. അവരൊക്കെ എന്തെങ്കിലും സംഭവിക്കാനും അനുശോചനം അറിയിക്കാനും കാത്തിരിക്കുകയാണ്, നന്ദി." - സോനു നിഗം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഫേക്ക് അക്കൗണ്ടിന്റെ ചിത്രവും സോനു നിഗം പങ്കുവെച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ, കന്നഡ സംസാരിക്കാത്തതിന്റെ പേരിൽ ബാങ്ക് മാനേജരും യുവാവും തമ്മിൽ തർക്കത്തിലേർപ്പെട്ട സംഭവം വിവാദമായതിന് പിന്നാലെയാണ് സോനും നിഗം എന്ന പേരുള്ള അക്കൗണ്ടിൽ നിന്ന് ബിജെപി എംപി തേജസ്വി സൂര്യയ്ക്കെതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ബാങ്ക് മാനേജരെ വിമർശിച്ചുകൊണ്ടായിരുന്നു തേജസ്വി സൂര്യയുടെ പോസ്റ്റ്. തുടർന്ന് സോനു നിഗത്തിന്റെ പേരുള്ള അക്കൗണ്ടിൽ നിന്ന് സൂര്യക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായി. ദേശീയ മാധ്യമങ്ങളടക്കം പോസ്റ്റ് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.