കന്നട ഭാഷാ വിഷയത്തിനു പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി ഗായകൻ സോനു നിഗം. കന്നഡ സിനിമകൾ ഹിന്ദിയിൽ ഡബ് ചെയ്ത് ഇറക്കരുതെന്നാണ് സോനു നിഗം പറഞ്ഞത്. സോഫ്റ്റ്‌വെയർ കമ്പനികളില്‍ കന്നഡ ഭാഷ നിർബന്ധമാക്കണമെന്നും ഗായകൻ ആവശ്യപ്പെട്ടു. കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് ബിജെപി എംപി തേജസ്വി സൂര്യ നടത്തിയ പരാമർശത്തിനു മറുപടിയായിട്ടായിരുന്നു പ്രതികരണം.
കഴിഞ്ഞ ദിവസമാണ് പൊതുമേഖലാ ബാങ്കിലെ മാനേജരും ഉപഭോക്താവും തമ്മിൽ ഭാഷയെച്ചൊല്ലി തർക്കം ഉണ്ടായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ബാങ്കിലെത്തിയ ഉപഭോക്താവിനോട് മാനേജർ താൻ ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്ന് പറയുകയും തുടർന്ന് തർക്കമുണ്ടാവുകയുമായിരുന്നു. വിഷയത്തിൽ ബാങ്ക് മാനേജരുടെ പെരുമാറ്റം സ്വീകാര്യമല്ല എന്നായിരുന്നു തേജസ്വി സൂര്യയുടെ പ്രതികരണം. ഉപഭോക്തൃ സേവനത്തിൽ ജോലി ചെയ്യുന്ന വ്യക്തികൾ കന്നഡ അറിഞ്ഞിരിക്കണമെന്നും ഉപഭോക്താക്കൾക്ക് അറിയാവുന്ന ഭാഷയിൽ ആശയവിനിമയം നടത്തണമെന്നും തേജസ്വി സൂര്യ എക്സിൽ കുറിച്ചു.
ഇതിന് മറുപടിയുമായാണ് സോനു നിഗം എത്തിയത്. "കന്നഡ സിനിമകൾ ഹിന്ദിയിൽ ഡബ് ചെയ്യരുത്. കന്നഡ സിനിമകൾ ഇന്ത്യ മുഴുവൻ റിലീസ് ചെയ്യരുത്. കന്നഡ സിനിമാ താരങ്ങളോട് ഇത് പറയാൻ മിസ്റ്റർ തേജസ്വി സൂര്യയ്ക്ക് ധൈര്യമുണ്ടോ?. അതോ നിങ്ങളും മറ്റ് ഭാഷാ പോരാളികളെപ്പോലെയാണോ?" സോഫ്റ്റ്‌വെയർ കമ്പനികളിലും കന്നഡ ഭാഷ നിർബന്ധമാക്കണം. അമേരിക്കൻ ക്ലയന്റുകൾ കർണാടകയിലെ പദ്ധതികൾ പൂർത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, അവർ കന്നഡ ഭാഷ സംസാരിക്കണം. ഇതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. എന്ത് പറയുന്നു തേജസ്വി സൂര്യ?" - സോനു നിഗം എക്സിൽ കുറിച്ചു.