കന്നഡ പരാമര്‍ശം വിവാദമായതോടെ പുതിയ ചിത്രം 'തഗ് ലൈഫ്' ന് പ്രദര്‍ശനാനുമതി തേടി നടന്‍ കമല്‍ ഹാസന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. 'കന്നഡ തമിഴിലില്‍ നിന്നാണ് ഉത്ഭവിച്ചത്' എന്ന കമല്‍ ഹാസന്റെ പരാമര്‍ശമാണ് കര്‍ണാടകയില്‍ വൻ വിവാദത്തിന് കാരണമായത്.
തന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചിത്രത്തിന്റെ റിലീസ് തടസ്സപ്പെടുത്തരുതെന്ന് കര്‍ണാടക സംസ്ഥാന സര്‍ക്കാരിനോടും, പോലീസ് വകുപ്പിനോടും, ചലച്ചിത്ര വ്യാപാര സംഘടനകളോടും നിര്‍ദ്ദേശിക്കണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. പ്രദര്‍ശനത്തിന് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പോലീസ് ഡയറക്ടര്‍ ജനറലിനും സിറ്റി പോലീസ് കമ്മീഷണർക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കമലിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സാണ് (കെഎഫ്സിസി) കര്‍ണാടകയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. 24 മണിക്കൂറിനുളളില്‍ കമല്‍ഹാസൻ പരസ്യമായി മാപ്പ് പറയണമെന്നും കെഎഫ്‌സിസി നിർദേശിച്ചിരുന്നു. എന്നാല്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം കമല്‍ ഹാസന്‍ തള്ളി. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുമെന്നും നിലവില്‍ തനിക്ക് തെറ്റ് പറ്റിയതായി വിശ്വസിക്കുന്നില്ലെന്നും കമൽ പറഞ്ഞു.
''ഇതിനുമുമ്പും എന്നെ ഭീഷണപ്പെടുത്തിയിട്ടുണ്ട്.. ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും മാപ്പു പറയും. അങ്ങനെയല്ലെങ്കില്‍ ഒരിക്കലും പറയില്ല. ഇതാണ് എന്റെ ജീവിതശൈലി, ദയവുചെയ്ത് അതില്‍ ഇടപെടരുത്,'' എന്നാണ് കമല്‍ ഹാസന്‍ മറുപടി പറഞ്ഞത്.