ബെംഗളൂരു: പ്രമുഖ കന്നഡ നടൻ സന്തോഷ് ബാലരാജ് അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ബെംഗളൂരുവിലെ കുമാരസ്വാമി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു അന്ത്യം.
രാവിലെ 9.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
അടുത്തിടെയാണ് താരത്തിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടർന്ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കോമയിലായി.
അന്തരിച്ച നിർമാതാവ് ആനേക്കൽ ബാലരാജിന്റെ മകനാണ് സന്തോഷ് ബാലരാജ്. കരിയ 2, കെമ്പ, ഗണപ, ബെർക്കലി, സത്യ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.