
ചെന്നൈ: ഹൊറർ ത്രില്ലർ ചിത്രം 'കാഞ്ചന'യിലൂടെ സുപരിചിതനായ നടൻ രാഘവ ലോറൻസ് തന്റെ ആദ്യത്തെ വീട് കുട്ടികൾക്കായി സൗജന്യ സ്കൂളാക്കി മാറ്റി. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘കാഞ്ചന 4’-ന്റെ അഡ്വാൻസ് തുക ഉപയോഗിച്ചാണ് ഈ സംരംഭം തയ്യാറാക്കുന്നത്. തന്റെ എക്സ് (X) പേജിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.
മികച്ച ഒരു ഡാൻസർ കൂടിയായ ലോറൻസ് ഡാൻസ് മാസ്റ്ററായി ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ തന്റെ ആദ്യത്തെ വീടാണ് സ്കൂളാക്കി മാറ്റാൻ ഒരുങ്ങുന്നത്. ആദ്യം അനാഥരായ കുട്ടികൾക്കുള്ള ഒരു താമസസ്ഥലമായാണ് അദ്ദേഹം ആ വീട് മാറ്റിയത്. ഇപ്പോൾ, അതേ വീട്ടിൽ വളർന്ന ഒരു കുട്ടിയെത്തന്നെയാണ് ആദ്യത്തെ അധ്യാപകനായി നിയമിക്കാനൊരുങ്ങുന്നത് എന്നതാണ് മറ്റൊരു സവിശേഷത. തന്റെ ഏറ്റവും പുതിയ ഹൊറർ ത്രില്ലർ ‘കാഞ്ചന 4’ എന്ന ചിത്രത്തിന്റെ അഡ്വാൻസായി ലഭിച്ച തുക ഉപയോഗിച്ചാണ് അദ്ദേഹം ഈ സംരംഭം നടപ്പാക്കിയത്. ഈ പുതിയ സ്കൂൾ സംരംഭത്തിന് എല്ലാവരുടെയും അനുഗ്രഹവും അദ്ദേഹം ആവശ്യപ്പെട്ടു. 'സേവനം ദൈവമാണ്' (Service is God) എന്നതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം.
ഇതാദ്യമായല്ല രാഘവ ലോറൻസ് കാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ട്രെയിനുകളിൽ മധുരപലഹാരങ്ങൾ വിറ്റ് ഉപജീവനം നടത്തുന്ന ഒരു വൃദ്ധ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തും അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. ‘മാട്രം എന്ന തന്റെ പ്രസ്ഥാനത്തിലൂടെ പാവപ്പെട്ടവരെയും പിന്നോക്കക്കാരെയും സഹായിക്കുന്നതിൽ അദ്ദേഹം എപ്പോഴും മുൻപന്തിയിലാണ്.