
ഓണക്കാലത്ത് തീയറ്ററുകൾ നിറച്ച് ഹൃദയപൂർവവും ലോകയും. മോഹൻലാൽ നായകനായ 'ഹൃദയപൂർവ'വും മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർ ഹീറോ മൂവിയായി എത്തുന്ന 'ലോക'യും ഗംഭീര റിപ്പോർട്ടുകളാണ് നേടുന്നത്. എന്നാൽ, ബുക്ക് മൈ ഷോയിൽ ലോകയാണ് മുന്നിട്ടു നിൽക്കുന്നത്. കഴിഞ്ഞ ഒരു മണിക്കൂറിൽ 14,000 പേർ ലോകയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ 4700 പേരാണ് ഹൃദയപൂർവം കാണാൻ ടിക്കറ്റെടുത്തത്.
ആദ്യ ദിവസം ബോക്സോഫീസ് കളക്ഷനിൽ ഹൃദയപൂർവം ലോകയെ മലർത്തിയടിച്ചിരുന്നു. ആദ്യ ദിവസം ഹൃദയപൂർവം തീയറ്ററുകളിൽ നിന്ന് 3.35 കോടി രൂപ നേടിയപ്പോൾ 2.62 കോടി രൂപയാണ് ലോകയുടെ കളക്ഷൻ. എന്നാൽ, രണ്ടാം ദിവസമായ ഇന്ന് ട്രെൻഡ് മാറിമറിഞ്ഞു. ഇന്ന് രാവിലെ മുതൽ ടിക്കറ്റ് ബുക്കിങിൽ ഹൃദയപൂർവത്തിനേക്കാൾ ലോകയ്ക്കാൻ ലീഡ്. വീക്കെൻഡിൽ ട്രെൻഡ് മാറുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. എന്തായാലും രണ്ട് സിനിമകളും ബോക്സോഫീസിൽ നേട്ടമുണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം ഓണ സിനിമയായി 'ഓടും കുതിര ചാടും കുതിര'യും ഇന്ന് തീയറ്ററുകളിലെത്തിയിട്ടുണ്ട്.
സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന സിനിമയാണ് ഹൃദയപൂർവം. അഖിൽ സത്യൻ്റെ കഥയ്ക്ക് സോനു ടിപി തിരക്കഥയൊരുക്കിയിരിക്കുന്നു. മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, സിദ്ധിഖ്, സംഗീത നായർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
ഡോമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേർന്ന് തിരക്കഥയൊരുക്കിയ 'ലോക' ഡോമിനിക് ആണ് സംവിധാനം ചെയ്തത്. ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസാണ് നിർമ്മാണം. കല്യാണി പ്രിയദർശൻ, നസ്ലൻ, നിഷാന്ത് സാഗർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ അധ്യായമായാണ് ലോക പുറത്തിറങ്ങിയത്.