
ലോകക്ക് മുന്നേ കല്യാണി പ്രിയദർശൻ്റെ മറ്റൊരു സിനിമ ഒടിടിയിലേക്ക്. കല്യാണിയും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളിലെത്തിയ ‘ഓടും കുതിര ചാടും കുതിര’ എന്ന സിനിമയാണ് ഉടൻ നെറ്റ്ഫ്ലിക്സിലെത്തുക. അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ നേട്ടമുണ്ടാക്കിയിരുന്നില്ല. ഈ മാസം 26ന് സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് അധികൃതർ തന്നെ അറിയിച്ചു. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് വിവരം പുറത്തുവിട്ടത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ സിനിമ ലഭ്യമാവും.
അൽത്താഫ് സലിം സംവിധായകനാവുന്ന രണ്ടാമത്തെ സിനിമയാണ് ഓടും കുതിര ചാടും കുതിര. ലോക, ഹൃദയപൂർവം എന്നീ സിനിമകൾക്കൊപ്പമാണ് ഈ സിനിമയും റിലീസായത്. കൊറിയൻ റോം കോം സ്വഭാവത്തിലുള്ള സിനിമയെന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടെങ്കിലും സിനിമ തീയറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ല.
ആഷിഖ് ഉസ്മാനാണ് സിനിമ നിർമ്മിച്ചത്. ഫഹദ്, കല്യാണി എന്നിവർക്കൊപ്പം വിനയ് ഫോർട്ട്, രേവതി പിള്ള എന്നിവരും പ്രധാനവേഷങ്ങളിലെത്തി. ജിൻ്റോ ജോർജ് ക്യാമറ കൈകാര്യം ചെയ്തപ്പോൾ നിഥിൻ രാജ് അരോൾ ആണ് എഡിറ്റിങ് നിർവഹിച്ചത്. ജസ്റ്റിൻ വർഗീസ് ആണ് സംഗീതസംവിധാനം. ആഗസ്റ്റ് 29നാണ് സിനിമ തീയറ്ററുകളിൽ എത്തിയത്.