

ഇന്ത്യൻ റാപ്പർ വിവിയൻ ഡിവൈന്റെ ഏറ്റവും പുതിയ ഗാനത്തിൽ കല്യാണി പ്രിയദർശൻ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘യു ആൻഡ് ഐ’ എന്ന ഗാനത്തിന്റെ ടീസറിൽ കല്യാണിയെ കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകർ. ഡിവൈന്റെ പുതിയ ആൽബം ‘വാക്കിങ് ഓൺ വാട്ടറി’ലെ ഗാനമാണ് ‘യു ആൻഡ് ഐ’.
റെട്രോ വൈബിൽ ഒരുക്കിയിരിക്കുന്ന ആൽബത്തില്‍ വിന്റേജ് വൈബിലാണ് കല്യാണി പ്രത്യക്ഷപ്പെടുന്നത്. പഴയകാല നായികയായാണ് ആൽബത്തിൽ കല്യാണി എത്തുക എന്ന സൂചന നൽകുന്നതാണ് ഗാനത്തിന്റെ ടീസർ. ഗാനത്തിന്റെ ഓഡിയോ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഹിപ്പ്–ഹോപ്പ് സംഗീതം ഇന്ത്യയിൽ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗായകനാണ് വിവിയൻ ഡിവൈൻ. മുംബൈ തെരുവിൽ ജനിച്ച് വളർന്ന ഡിവൈൻ തന്റെ ജീവിത പോരാട്ടമാണ് സംഗീതത്തിലൂടെ പറഞ്ഞുവച്ചത്. 2013 ൽ പുറത്തിറക്കിയ ‘യെ മേരെ ബോംബെ’ എന്ന ഗാനത്തിലൂടെയാണ് ജനപ്രീതി നേടുന്നത്. ടൈം സ്ക്വയറിലെ സ്പോട്ടിഫൈ ബിൽബോർഡിൽ ഫീച്ചർ ചെയ്ത ആദ്യ ഇന്ത്യൻ റാപ്പർ ഡിവൈൻ ആണ്. 64–ാമത് ഗ്രാമി പുരസ്കാര നിശയിൽ പങ്കെടുത്തുകൊണ്ട് ഗ്രാമി അവാർഡിൽ പങ്കെടുക്കുന്ന ആദ്യ ഇൻ റാപ്പറായും ഡിവൈൻ മാറിയിരുന്നു.