

മമ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'കളങ്കാവൽ' റിലീസ് മാറ്റി. നവംബർ 27ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം, മമ്മൂട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ ചിത്രത്തിന്‍റെ റിലീസ് വൈകും എന്ന് അറിയിച്ചിരിക്കുകയാണ്. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനി അറിയിച്ചിട്ടുണ്ട്.
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായ വിവരം മമ്മൂട്ടിയും വിനായകനും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഒരു ഗംഭീര വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുക എന്ന നിഗമനത്തിലാണ് ചിത്രത്തിന്‍റെ ടീസർ കണ്ട പ്രേക്ഷകർ. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ റിലീസിന് എത്തിക്കുന്നത്.
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ഈ ചിത്രം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമയിൽ സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. വിനായകൻ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുന്നത്. ജിബിൻ ഗോപിനാഥും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്, സെക്കന്‍റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നാഗർകോവിലായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. കളങ്കാവലിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.