

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം കളങ്കാവൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് കിട്ടുന്നത്. പൈശാചികമായ വെറുപ്പ് തോന്നും വിധത്തിലുള്ള ഒരു വില്ലനെയാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം മുജീബ് മജീദിന്റെ ബാഗ്രൗണ്ട് മ്യൂസിക്കും ആയപ്പോൾ സിനിമ പ്രേക്ഷകനെ അതിന്റെ പൂർണമായ ത്രില്ലിംഗ് അനുഭവം ലഭിക്കുന്നു. സിനിമ തിയേറ്ററിൽ നിന്നും കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ഒറ്റവാക്കിൽ പറയുന്നു 'ഇത്… ഒരു ഒന്നൊന്നര വില്ലൻ ആണ്' എന്നാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. എട്ടു മാസത്തെ ഇടവേളക്കുശേഷം മമ്മൂട്ടി ചിത്രം തീയേറ്ററുകളിലേക്ക് വീണ്ടും എത്തിയതിന്റെ ത്രില്ലിലാണ് ആരാധകർ. വലിയ ആവേശത്തോടെയാണ് സിനിമയ്ക്കായി കാത്തിരുന്നത്. ചിത്രം തീയറ്ററുകളിൽ ഇന്ന് റിലീസ് ചെയ്യാനിരിക്കെ കഴിഞ്ഞ ദിവസം മമ്മൂട്ടി ആരാധകർക്കിടയിൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.
കളങ്കാവൽ റിലീസ് ചെയ്തതിനുശേഷം നിങ്ങളുടെ പ്രതികരണങ്ങൾ അറിയുവാനായി കാത്തിരിക്കുകയാണ് എന്നാണ് മമ്മൂട്ടി കുറിച്ചത്. ഒപ്പം കളങ്കാവലിലെ തന്റെ ലുക്കും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'നവാഗതനായ ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിങ്ങൾക്ക് എല്ലാവർക്കും സിനിമ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. വെഫെയറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.