കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് ഇന്ന് 75–ാം പിറന്നാൾ | Kaithapram

'നരിവേട്ട’യിലെ 'മിന്നൽവള’ എന്ന ഹിറ്റ്ഗാനമാണ് കൈതപ്രത്തിന്റെ ഏറ്റവും പുതിയ ഗാനം
Kaithapram
Published on

മലയാള സിനിമ ലോകത്ത് പകരം വയ്ക്കാനില്ലാത്ത ഗാനരചയിതാവായി മാറിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് ഇന്ന് 75–ാം പിറന്നാൾ. കവി, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, നടൻ, തിരക്കഥാകൃത്ത് തുടങ്ങി എല്ലാ മേഖലകളിലും തന്റെ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭയാണ് കൈതപ്രം. കവിത തുളുമ്പുന്ന മനോഹരഭാവന വിടരുന്ന കൈതപ്രത്തിന്റെ ഗാനങ്ങൾ മലയാളികൾ കേട്ട് തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു.

1950 ആഗസ്റ്റ് 4ന് കൈതപ്രം കണ്ണാടി മനയിൽ കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായാണ് ജനനം. ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞ കുട്ടിക്കാലമായിരുന്നു കൈതപ്രത്തിന്റേത്. പത്ത് രൂപ ദിവസ വേതനത്തിൽ പൂജാരിയായി കുടംബക്ഷേത്രത്തിൽ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെയും സംസ്കൃതപഠനവും സാഹിത്യവായനും ഒപ്പം ചേർത്തുനിർത്തി. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം കോട്ടയം പഴശ്ശി തമ്പുരാന്റെ കീഴിൽ സംഗീതപഠനം തുടങ്ങി. പിന്നീട് പൂഞ്ഞാർ കോവിലകത്തും തലശ്ശേരി പൈതൽമാഷിനു കീഴിലും തുടർന്ന് തിരുവനന്തപുരത്തും സംഗീതപഠനം തുടർന്നു.

1974 ലാണ് കൈതപ്രത്തിന് ആകാശവാണിയിൽ പാടാനുള്ള അവസരം ലഭിക്കുന്നത്. നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹം’ നാടകട്രൂപ്പിനു വേണ്ടി പാട്ടുകൾ ഈണമിടുകയും പാടുകയും ചെയ്തിരുന്നു. യേശുദാസിന്റെ ‘തരംഗിണി’ക്കുവേണ്ടി എഴുതിയ ചില പാട്ടുകളാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. ഇതിനിടയ്ക്ക് വിവിധ മാസികകളിലായി കവിതകളും പ്രസിദ്ധീകരിച്ചിരുന്നു. 1986ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലെ ‘ദേവദുന്ദുഭീ സാന്ദ്രലയ’മാണ് കൈതപ്രത്തിന്റെ തൂലികയിൽ പിറന്ന ആദ്യ ചലച്ചിത്രഗാനം. പിന്നീടിങ്ങോട്ട് 300ൽ അധികം സിനിമകൾക്ക് കൈതപ്രം പാട്ടെഴുതിയിട്ടുണ്ട്.

പുതിയ കാലത്തെ സംഗീതത്തിനൊപ്പം ചേർന്നു നിൽക്കാൻ കഴിയുന്നു എന്നതാണ് കൈതപ്രം സംഗീതത്തെ എന്നും വേറിട്ടു നിർത്തുന്നത്. കാവ്യാത്മകത നിറഞ്ഞ വരികൾ മാത്രമല്ല തനിക്ക് എഴുതാൻ കഴിയുക എന്ന് കൈതപ്രം ആദ്യമായി തെളിയിച്ചത് ‘നമ്മൾ’ എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ ‘എൻ കരളിൽ താമസിച്ചാൽ മാപ്പുതരാം രാക്ഷസീ’ എന്ന ഗാനത്തിലൂടെയാണ്. പിന്നീട് ‘സ്വപ്നക്കൂടി’ലെ ‘ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ ഈ തൊട്ടുനോട്ടം ഇഷ്ടമല്ലെടാ..’ എന്ന ഹിറ്റ്ഗാനത്തിലൂടെ അദ്ദേഹം പുതിയ യുവത്വത്തിന്റെ സ്വരമായി മാറി. അടുത്തിടെ പുറത്തിറങ്ങിയ ‘നരിവേട്ട’ എന്ന ചിത്രത്തിൽ യുവസംഗീത സംവിധായകൻ ജേക്സ് ബിജോയിയുടെ സംഗീതത്തിൽ രചന നിർവഹിച്ച ‘മിന്നൽവള’ എന്ന ഹിറ്റ്ഗാനമാണ് കൈതപ്രത്തിന്റെ ഏറ്റവും പുതിയ ഗാനം. മിന്നൽവള സങ്കൽപം പുതിയ തലമുറയിലും വലിയ ചർച്ചയായി മാറുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com