
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം ചെയ്ത കോർട്ട് റൂം ഡ്രാമ ചിത്രം 'ജെ എസ് കെ - ജാനകി V vs സ്റ്റേറ്റ് ഓഫ് കേരള' ഒടിടി റിലീസ് പ്രഖ്യാപിച്ചു. സീ 5-ൽ ആഗസ്റ്റ് 15-ന് ഡിജിറ്റൽ പ്രീമിയർ ചെയ്യും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിച്ച ഈ ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം നേടിയാതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില നിയമപരമായ തടസ്സങ്ങൾ കാരണം ചിത്രത്തിന്‍റെ റിലീസ് നേരത്തെ വൈകിയിരുന്നു. പേരിനെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് ശേഷം 'ജാനകി V v/s സ്റ്റേറ്റ് ഓഫ് കേരള' എന്ന പേരിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വിവാദങ്ങളെത്തുടർന്ന് ചില മാറ്റങ്ങളോടെയാണ് ചിത്രം പ്രദർശനാനുമതി നേടിയത്.
ചിത്രത്തിൽ സുരേഷ് ഗോപി, ഡേവിഡ് ആബേൽ ഡോണോവൻ എന്ന ശക്തനായ വക്കീൽ കഥാപാത്രമായി എത്തുന്നു. ടൈറ്റിൽ കഥാപാത്രമായ ജാനകിയായി അനുപമ പരമേശ്വരൻ അഭിനയിക്കുന്നു. ഇവരെ കൂടാതെ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം സീ 5-ൽ സ്ട്രീമിംഗ് ചെയ്യുന്നത്. സിനിമാപ്രേമികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ ഈ ചിത്രം, സീ 5 പ്ലാറ്റ്‌ഫോമിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സീ 5-ന്റെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റും ബിസിനസ് ഹെഡ്ഡുമായ ലോയിഡ് സി സേവ്യർ പറഞ്ഞു.