‘തഗ് ലൈഫ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിക്കിടെ കമൽ ഹാസനു മുന്നിൽ പാട്ടുപാടി ജോജു ജോർജ്. ‘എനിക്ക് ആകെ ഒരു പാട്ടെ അറിയൂ. പക്ഷേ, ഇപ്പോൾ ഒരു തമിഴ് പാട്ട് ട്രൈ ചെയ്യാം. വലിയ ഈണം ഒന്നും ഉണ്ടാവില്ല. എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യണം’ എന്ന് പറഞ്ഞുകൊണ്ടാണ് ജോജു പാട്ട് പാടിയത്.
ഇളയരാജ സംഗീതം നൽകി യേശുദാസ് ആലപിച്ച ‘പൂവേ സെം പൂവേ’ എന്ന ഗാനമാണ് ജോജു പ്രേക്ഷകർക്കായി ആലപിച്ചത്. വലിയ കയ്യടിയോടെയാണ് ആരാധകർ ജോജുവിന്റെ പാട്ടിനെ സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിലും പാട്ടിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. തഗ് ലൈഫ് പരിപാടിക്കിടെ നടി അഭിരാമിയും പാട്ടുപാടി കാണികളെ അദ്ഭുതപ്പെടുത്തിയിരുന്നു. ‘തഗ് ലൈഫി’ലെ ‘അഞ്ചു വർണ പൂവ്വേ’ എന്ന ഗാനമാണ് അഭിരാമി ആലപിച്ചത്.
ജൂൺ അഞ്ചിന് ‘തഗ് ലൈഫ്’ തിയറ്ററുകളിലെത്തും. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് ‘തഗ് ലൈഫ്’. സിനിമയുടെ ട്രെയിലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്.
ചിമ്പു, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.