മകൾ സാറ പാട്ടുപാടുന്ന വിഡിയോ പങ്കുവച്ച് ജോജു ജോർജ്. ജോജു വേഷമിടുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലെ ‘മുത്ത മഴൈ’ എന്ന പാട്ടാണ് സാറയും ജോജുവും ചേർന്ന് പാടുന്നത്. മകളുടെ പാട്ട് ഇതിനു മുൻപും ജോജു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രേക്ഷകർക്കൊപ്പം അഭയ ഹിരണ്മയി, കാർത്തിക വൈദ്യനാഥൻ എന്നീ ഗായകരും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. സാറ ഉഗ്രൻ ഗായികയാണെന്നാണ് ആരാധകർ പറയുന്നത്.
എ.ആർ.റഹ്മാൻ ചിട്ടപ്പെടുത്തിയ ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ തമിഴ് വേർഷന്‍ ആലപിച്ചിരിക്കുന്നത് ദീ എന്ന ദീക്ഷിതയാണ്. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി വേർഷനുകളിൽ ഈ പാട്ട് പാടിയിരിക്കുന്നത് ചിന്മയി ശ്രീപാദയാണ്. ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചില്‍ ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ തമിഴ് വേർഷന്‍ ചിന്മയി ആലപിച്ചിരുന്നു. പാട്ടിന്റെ ചിന്മയി വേർഷൻ ഒറിജിനലിനേക്കാൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിരുന്നു.
മുപ്പത് വർഷത്തിനുശേഷം കമൽഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് ‘തഗ് ലൈഫ്’. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തി. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ലിറിക്കൽ വിഡിയോകളും വൈറലായിരുന്നു.