മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം' സിനിമയുടെ മൂന്നാം ഭാഗം ഒക്ടോബറിൽ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകൻ ജീത്തു ജോസഫും ആശിർവാദ് സിനിമാസും. ദൃശ്യം ആദ്യഭാഗത്തിലെ ഏറെ ശ്രദ്ധേയമായ, ജോര്‍ജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന റീലിനൊപ്പമാണ് ആശിവാര്‍ദ് സിനിമാസ് ഇക്കാര്യം പുറത്തു വിട്ടത്.
'ദൃശ്യം 3 ഉടന്‍ വരുന്നു' എന്നു പ്രഖ്യാപിച്ചു കൊണ്ടാണ് റീൽ അവസാനിക്കുന്നത്. ജീത്തു ജോസഫ്, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്തും സന്തോഷം പങ്കിടുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. '2025 ഒക്ടോബറില്‍ ക്യാമറ ജോര്‍ജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ‘ലൈറ്റ്സ്, ക്യാമറ, ഒക്ടോബർ’ എന്നും വിഡിയോയിലുണ്ട്.
മലയാളം പതിപ്പിനൊപ്പം അജയൻ ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ ചിത്രീകരണവും സമാന്തരമായി നടക്കുമെന്നാണ് സൂചന. ഇതിൽ ഏതു ചിത്രമാകും ആദ്യം പ്രദർശത്തിനെത്തുക എന്ന് വ്യക്തമല്ല.
നേരത്തെ സിനിമയുടെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് മോഹൻലാൽ ഒരഭിമുഖത്തിൽ പറഞ്ഞത് ചർച്ചയായിരുന്നു: ‘‘ഷൂട്ട് ചെയ്യുന്നതിന് അഞ്ചു വര്‍ഷം മുൻപെ സംവിധായകന്‍റെ കയ്യിലുള്ള തിരക്കഥയായിരുന്നു ദൃശ്യം. ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ അവര്‍ക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. ആന്‍റണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേള്‍ക്കാമോ എന്ന്. തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അത്. കുടുംബത്തിന് വേണ്ടി നില്‍ക്കുന്ന ഒരാള്‍ എന്നതായിരുന്നു ആ ചിത്രത്തില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാക്കിയ ഘടകം. ആറു വര്‍ഷത്തിന് ശേഷം ദൃശ്യം 2 പ്ലാന്‍ ചെയ്യുമ്പോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാളം ഇന്‍ഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്പാടുമുള്ളവര്‍ ചിത്രം കണ്ടു. അടുത്തിടെ ഗുജറാത്തില്‍ ചിത്രീകരണം നടക്കുമ്പോള്‍ അവിടത്തുകാരായ നിരവധിപേര്‍ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2ന് ശേഷം മറ്റു ഭാഷയിലെ പ്രേക്ഷകർ കൂടുതല്‍ മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി. മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയാണത്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍.’’ - മോഹൻലാൽ പറഞ്ഞു.