
മലയാളികളുടെ പ്രിയ നടൻ ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിക്കുന്ന ശക്തമായ കുടുംബകഥ പറയുന്ന ചിത്രമാണ് 'ആശകൾ ആയിരം'. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച കൊച്ചി കാക്കനാട്, മാവേലിപുരം ഓണം പാർക്കിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു. സംവിധായകൻ സലാം ബാപ്പു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സംവിധായകൻ കണ്ണൻ താമരക്കുളം ഫസ്റ്റ് ക്ലാപ്പും നൽകി. ജയറാമും മകൾ മാളവികയും, ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.
വൻ പ്രദർശനവിജയം നേടിയ ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി.പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയറാമും, മകൻ കാളിദാസ് ജയറാമുമാണ് ഈ കുടുംബ ചിത്രത്തിലെ അച്ഛനും മകനുമായി എത്തുന്നത്. ഇഷാനി കൃഷ്ണകുമാറാണ് നായിക. അഹാന കൃഷ്ണകുമാറിൻ്റെ ഇളയ സഹോദരിയായ ഇഷാനി മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
സായ് കുമാർ, അജു വർഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ, ഗോപൻ മങ്ങാട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.