
പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ "ജെ എസ് കെ - ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള"ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.
ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.