ന്യൂഡൽഹി: തമിഴ് താരം വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിൻ്റെ റിലീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ തന്നെ സമീപിക്കാൻ നിർമ്മാതാക്കളോട് കോടതി നിർദ്ദേശിച്ചു.(Jana Nayagan faces setback in Supreme Court)
പൊങ്കൽ അവധിക്ക് ശേഷം ജനുവരി 20-ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ കേസ് പരിഗണിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ സുപ്രീം കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. സെൻസർ ബോർഡ് ചെയർമാൻ്റെ വാദം കേൾക്കാതെ സിംഗിൾ ബെഞ്ച് ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ടത് സുപ്രീം കോടതി നിരീക്ഷിച്ചു.
ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് തീരുമാനം റദ്ദാക്കിക്കൊണ്ട് ജനുവരി ഒമ്പതിനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റിലീസിന് അനുമതി നൽകിയത്. എന്നാൽ സെൻസർ ബോർഡ് നൽകിയ അപ്പീലിൽ അന്ന് വൈകുന്നേരം തന്നെ ഡിവിഷൻ ബെഞ്ച് റിലീസ് സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.