താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെത്ത് നടൻ ജഗതി ശ്രീകുമാർ. നീണ്ട 13 വർഷത്തിനു ശേഷമാണ് ജഗതി ഒരു ജനറൽ ബോഡിയിൽ പങ്കെടുക്കുന്നത്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ മലയാള സിനിമയിലെ മുൻനിരതാരങ്ങളടക്കം പങ്കെടുക്കുന്നുണ്ട്. മുതിർന്ന താരം മധു ഓൺലൈനിലൂടെയാണ് യോഗത്തിന്റെ ഭാഗമായത്.
മകനൊപ്പം വീൽചെയറിലാണ് ജഗതി യോഗത്തിനെത്തിയത്. കുശലാന്വേഷണം നടത്താനെത്തിയ താരങ്ങളെ തിരിച്ചറിഞ്ഞ് പുഞ്ചിരിക്കുന്ന മുഖത്തോടെ ഇരിക്കുന്ന ജഗതി ജനറൽ ബോഡിയിലെ ശ്രദ്ധാകേന്ദ്രമായി. സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിച്ചും തലകുലുക്കിയുമാണ് ജഗതി പ്രതികരിച്ചത്. അമ്മയുടെ 31–ാമത് വാർഷിക പൊതുയോഗമാണ് കൊച്ചിയിൽ നടക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്താനും കൂടിയാണ് അമ്മ ജനറൽ ബോഡി യോഗം വിളിച്ചിരിക്കുന്നത്. പലരും തകർക്കാൻ ശ്രമിച്ചിട്ടും സംഘടന ശക്തിയോടെ മുന്നോട്ടു പോകുന്നതിനു കാരണം ഇതിലെ അംഗങ്ങളുടെ നല്ല മനസ്സും ആത്മാർഥതയുമാണെന്ന് മധു യോഗത്തിൽ പറഞ്ഞു. ഓൺലൈൻ വഴിയാണ് മധു യോഗത്തിൽ പങ്കെടുത്തത്.
"പരസ്പരം സഹകരണത്തിലൂടെയാണ് അമ്മ വളർന്നത്. വളർന്നു വരുന്ന ഏതിന്റെയും വളർച്ചയെ നുള്ളിക്കളയാൻ ശക്തികൾ വരും. ലോകത്തുള്ള എല്ലാ സംഘടനകൾക്കും അതു നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാമായിട്ടും ഇതിനെ തകർക്കാൻ തന്നെ ആളുകൾ ഉണ്ടായിട്ടും ആർക്കും ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. അതിനു കാരണം അമ്മയിലെ അംഗങ്ങളുടെ നല്ല മനസ്സു കൊണ്ടാണ്, ആത്മാർഥത കൊണ്ടാണ്. ആരും സ്വാർഥലാഭത്തിനായി ഒന്നും ചെയ്യുന്നില്ല, സംഘടനയ്ക്കു വേണ്ടിയാണ് ചെയ്യുന്നത്. ആ സംഘടനാബലമാണ് ഇത്രയും ബുദ്ധിമുട്ടുകൾക്കിടയിലും അമ്മയിലെ അംഗങ്ങൾ തന്നെ മാറി നിന്നിട്ടും സ്നേഹമില്ലാത്ത രീതിയിൽ പെരുമാറിയിട്ടും അവർക്ക് അമ്മയെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി വരാൻ കഴിയാതെ ഇരുന്നതിന്റെ സങ്കടം മാറി. ആർക്കോ നല്ല ബുദ്ധി തോന്നി, ഇങ്ങനെ ഒരു വഴിയിലൂടെ എല്ലാവരെയും കാണാൻ കഴിഞ്ഞു. നേരിട്ടല്ലെങ്കിലും സ്ക്രീനിൽ കാണാൻ കഴിഞ്ഞതിൽ പോലും സന്തോഷം." - മധു പറഞ്ഞു.