
മൈക്കിൾ ജാക്‌സന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'മൈക്കിൾ' എന്ന ബയോപിക് ചിത്രം 2026 ഏപ്രിൽ 24 ന് ലോകമെമ്പാടും റിലീസ് ചെയ്യും. 2025 ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. മൈക്കിൾ ജാക്‌സന്റെ അനന്തരവൻ ജാഫർ ജാക്‌സനാണ് മൈക്കിൾ ജാക്സനായി അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ട്.
'ദി ഡിപ്പാർട്ടഡ്” എന്ന ചിത്രത്തിലൂടെ ഓസ്‌കാർ ജേതാവായ ഗ്രഹാം കിങ്ങാണ് ചിത്രത്തിന്‍റെ നിർമാതാവ്. ആന്റോയിൻ ഫുക്വ ആണ് ചിത്രത്തിന്‍റെ സംവിധാനം. ജോൺ ലോഗന്‍റേതാണ് തിരക്കഥ. 2019 ലാണ് സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നിരുന്നു.
മൈക്കിൾ ജാക്സന്റെ ബാൻഡിന്റെ അനുമതിയോടെ ഒരുക്കുന്ന ചിത്രമായതിനാൽ ഇതിഹാസ ഗായകന്റെ യഥാർഥ സംഗീതവും വിഡിയോയും സിനിമക്ക് ആവശ്യാനുസരണം ഉപയോഗിക്കാനാകും. എന്നാൽ ജാക്സണിന്‍റെ കരിയറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ഈ വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.