
ആദ്യമായി മദ്യപിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞു നടി എസ്തർ അനിൽ. താൻ മദ്യപിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ തനിക്കത് ശരിയാകില്ലെന്ന് തോന്നിയതോടെ വേണ്ടെന്ന് വച്ചെന്നും എസ്തർ പറയുന്നു. തന്നെയും സഹോദരന്മാരെയും സമത്വത്തോടെയാണ് അച്ഛനും അമ്മയും വളർത്തിയത്. വീട്ടിൽ തനിക്ക് മേൽ നിയന്ത്രങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും ഒരഭിമുഖത്തിൽ സംസാരിക്കവെ എസ്തർ പറഞ്ഞു.
"ഞാൻ മദ്യപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, തന്നെക്കൊണ്ട് കഴിയില്ലെന്ന് മനസിലായതോടെ അത് നിർത്തി. അങ്ങനെ ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം എനിക്ക് ലഭിച്ചിരുന്നു. ആദ്യമായി മദ്യപിച്ച ദിവസം എഴുന്നേൽക്കാൻ പറ്റാതെ വന്നപ്പോൾ ആദ്യം അമ്മയെയാണ് വിളിച്ചത്. ‘അമ്മ, എനിക്ക് വരാൻ പറ്റുന്നില്ല' എന്ന് പറഞ്ഞു. എങ്ങനെയാണ് തിരികെ വീട്ടിലേക്ക് വരേണ്ടതെന്ന് പോലും തനിക്ക് അപ്പോൾ മനസിലാകുന്നുണ്ടായിരുന്നില്ല." - എസ്തർ പറയുന്നു.
"എനിക്ക് ഇപ്പോഴും ഓർമയുണ്ട്. വീട്ടിൽ തിരികെ എത്തിയശേഷം ഒരു ദിവസം മുഴുവൻ താൻ കിടന്നുറങ്ങി. എന്തൊക്കെയോ മിക്സ് ചെയ്തായിരുന്നു കഴിച്ചത്. വളരെ സുരക്ഷിതമായൊരു അന്തരീക്ഷത്തിൽ വെച്ചായിരുന്നു അത്. അമ്മ പറഞ്ഞു, അപ്പനും അമ്മയും മൂക്കറ്റം കുടിക്കും. മകൾ കുറച്ച് കുടിച്ചപ്പോഴേ നേരെ നിൽക്കാൻ പറ്റാതെയായെന്ന്. അവർ കളിയാക്കിയത് തനിക്ക് ഇപ്പോഴും ഓർമയുണ്ട്." എസ്തർ പറഞ്ഞു.
പെൺകുട്ടി ആയതുകൊണ്ട് ഒരിക്കലും വീട്ടിൽ വേർതിരിവ് കാണിച്ചിട്ടില്ലെന്നും നടി പറയുന്നു. "ഞങ്ങളെ തുല്യരായാണ് വളർത്തിയത്. യഥാർത്ഥത്തിൽ എന്റെ സഹോദരന്മാരേക്കാൾ പ്രത്യേകാനുകൂല്യങ്ങൾ ലഭിച്ചിരുന്നത് എനിക്കാണെന്ന് തോന്നുന്നു. ഒരുപക്ഷെ ഞാൻ വളരെ നേരത്തെ തന്നെ സമ്പാദിക്കാൻ തുടങ്ങിയത് കൊണ്ടാകാം. നമ്മുടേതായ തീരുമാനങ്ങൾ സ്വയം എടുക്കാൻ സാധിക്കുമായിരുന്നു. ചേട്ടൻ രാത്രി രണ്ട് മണിക്കാണ് വരുന്നതെങ്കിൽ ഞാൻ നാല് മണിക്കായിരിക്കും വരുന്നത്. നിയന്ത്രണങ്ങൾ ഒന്നുമില്ല. പെൺകുട്ടിയായതിനാൽ അച്ഛന് കുറച്ച് പേടി ഉണ്ടാവുമെങ്കിലും അത് കാണിക്കാൻ അമ്മ സമ്മതിക്കാറില്ല." - എസ്തർ കൂട്ടിച്ചേർത്തു.