

ബിഗ് ബോസ് സീസൺ ഏഴിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരാർഥികളായിരുന്നു ആദിലയും നൂറയും. ബിഗ് ബോസിനു ശേഷം ഇരുവർക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മലബാർ ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ എകെ മലബാറിന്റെ ഗൃഹപ്രവേശന ചടങ്ങിൽ ഇരുവരും പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിന് പിന്നാലെ ഫൈസലിനെതിരെ വ്യാപക വിമർശനങ്ങളുയർന്നു. ആദിലയേയും നൂറയേയും പരിപാടിക്ക് ക്ഷണിച്ചതിന്റെ പേരിലാണ് ഒരു വിഭാഗം ആളുകൾ ഫൈസലിന് നേരെ തിരിഞ്ഞത്. ഇതോടെ ഫൈസൽ മറുപടിയുമായി രംഗത്തെത്തി. ആദിലയും നൂറയും പരിപാടിക്ക് വന്നത് തൻ്റെ അറിവോടെയല്ലെന്നായിരുന്നു ഫൈസൽ പറഞ്ഞത്.
പൊതു സമൂഹത്തിൻ്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും സമൂഹമധ്യത്തിൽ താറടിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നൽകി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുന്നുവെന്നും വിഷയത്തിൽ ആത്മാർത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.
പോസ്റ്റ് വിവാദമായതോടെ നിരവധി പേരാണ് ഇതിനെ വിമർശിച്ച് രംഗത്ത് എത്തുന്നത്. ഇതോടെ പോസ്റ്റ് പിൻവലിച്ചുവെങ്കിലും ഇതിനെതിരെ പലരും രംഗത്ത് എത്തുന്നുണ്ട്. ആക്റ്റിവിസ്റ്റും മോഡലുമായ ദിയ സന പ്രതികരിച്ച് രംഗത്ത് എത്തി. "വിളിച്ച് വരുത്തി നല്ലോണം ട്രീറ്റ് ചെയ്തിട്ട് തള്ളിപ്പറയാൻ കാണിച്ച അന്തസ് നല്ലതാണ്" എന്നാണ് ദിയ സന പറയുന്നത്. "ഇതുവരെയും ആദിലയും നൂറയും ഇവിടെ ജീവിച്ചു. ഇനിയും അവർ ജീവിക്കും. അവർക്കൊപ്പം നിൽക്കുന്നവർ അവരുടെ കൂടെ തന്നെയുണ്ട്."- എന്നാണ് ദിയ സന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.