
താന്‍ നായകനായ ഒരു സിനിമ കണ്ട് അച്ഛന്‍ തന്നെ ശകാരിച്ചെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ''ഞാന്‍ നായകനായെത്തിയ ഒരു സിനിമ ഈയിടയ്ക്ക് അച്ഛന്‍ കണ്ടു. ടിവി വച്ചപ്പോള്‍ അറിയാതെയെങ്ങാണ്ട് വന്നതാണ്. ആ സിനിമ കണ്ടിട്ട് രണ്ടുമൂന്ന് ദിവസത്തിന് ശേഷം പുള്ളി എന്നോട് സംസാരിച്ചു, ''നിന്റെ ആ സിനിമ ഞാന്‍ കണ്ടു. നീ എന്തിനാ അത് ചെയ്യാന്‍ പോയത്? ആ കഥ വര്‍ക്കാകില്ലെന്ന് കഥ കേട്ടപ്പോള്‍ അറിയില്ലായിരുന്നോ?'' എന്ന് ചോദിച്ചു.
പുതിയ ആള്‍ക്കാരായതുകൊണ്ട് ഒന്നും പറയാന്‍ നിന്നില്ലെന്ന് ഞാന്‍ പുള്ളിയോട് പറഞ്ഞു. 'ഈ പടത്തിന് പൈസയിറക്കിയ നിര്‍മാതാവിന് ഒരു ബോധവുമില്ലേ?' എന്ന് അദ്ദേഹം ചോദിച്ചു. 'ഇങ്ങനെ ഓരോന്ന് ചെയ്താലല്ലേ നമുക്ക് ജീവിക്കാന്‍ പറ്റുള്ളൂ' എന്ന് പറഞ്ഞപ്പോള്‍ 'ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാ' എന്നൊരു മറുപടി തന്നു. എനിക്ക് ഒന്നു പറയാനായില്ല.
അവിടം കൊണ്ടും നിര്‍ത്തിയില്ല. അമ്മയുടെ മീറ്റിങ് രണ്ട് ദിവസം കഴിഞ്ഞാല്‍ നടക്കാനിരിക്കുകയാണ്. 'നീ മീറ്റിങ്ങിന് വരുന്നില്ലേ?' എന്ന് ചോദിച്ചു. ചെന്നൈയില്‍ പരിപാടിയുള്ളതുകൊണ്ട് ഞാന്‍ മീറ്റിങ്ങിനില്ലെന്ന് പറഞ്ഞു.
'അവശ കലാകാരന്മാര്‍ക്ക് അസോസിയേഷന്‍ 5000 രൂപ പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. എനിക്കും കിട്ടും. അത് എനിക്ക് വേണ്ട, നീയെടുത്തോ' എന്നും പറഞ്ഞ് പുള്ളിയൊരു പോക്കായിരുന്നു..'' ; ധ്യാൻ പറഞ്ഞു.