
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ ഓണാശംസകൾക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. തിരുവോണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ബച്ചന്‍റെ ഓണാശംസ എത്തിയത്. ബച്ചന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മലയാളത്തിൽ തന്നെയായിരുന്നു ഓണാശംസകൾ നേര്‍ന്നത്. എന്നാൽ പോസ്റ്റിന് താഴെ നിരവധി മലയാളികളാണ് കമന്‍റുകളുമായെത്തിയത്.
കസവ് മുണ്ടും വെള്ള ഷര്‍ട്ടും കസവ് ഷാളും ധരിച്ച് കേരളീയത്തനിമയിലുള്ള ബച്ചന്‍റെ ഫോട്ടോയും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ''താങ്കൾക്കും ഓണാശംസകൾ, പക്ഷെ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാർ, ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വർഷം വാ, Dress order കിട്ടാൻ late ആയി പോയി പിന്നെ ഓണം സെലിബ്രേഷൻ കഴിഞ്ഞത് കേരളത്തിൽ മാത്രം ആണ്.പുറത്ത്..കുറെ കാലം ഉണ്ടാകും, പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ, അണ്ണാ.. രേഖ അക്കയും നിങ്ങളും അടുത്ത ജന്മം ഒന്നിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു!, ഫ്രാൻസിലെ പാരിസിൽ ഓണം ഈ വരുന്ന ശനിയാഴ്ച! നമുക്കൊന്നും ഓണം കഴിഞ്ഞിട്ടില്ല അമിതബ് ബച്ചേട്ട..ഹാപ്പി ഓണം'' എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.
തെറ്റ് ചൂണ്ടിക്കാട്ടിയതോടെ ഒടുവിൽ ക്ഷമാപണവുമായി ബച്ചൻ രംഗത്തെത്തി. ''അതെ ഓണം കഴിഞ്ഞുവെന്നും എന്‍റെ സോഷ്യൽ മീഡിയ തെറ്റായി പോസ്റ്റ് ചെയ്തുവെന്നും പലരും കമന്‍റ് ചെയ്തിട്ടുണ്ട്. ഒരു ഉത്സവ സീസൺ എന്നാൽ ഉത്സവ സീസണാണ്. അതിന്‍റെ ആത്മാവും പ്രാധാന്യവും ഒരിക്കലും കാലഹരണപ്പെടുകയില്ല.'' - അദ്ദേഹം കുറിച്ചു. തനിക്ക് സോഷ്യൽ മീഡിയ ഏജന്‍റില്ലെന്നും ബച്ചൻ വ്യക്തമാക്കി.