
‘കൂലി’ റിലീസായാൽ നാട്ടിൽ സംസാര വിഷയം സൗബിൻ ഷാഹിറായിരിക്കുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ‘കൂലി’ക്ക് ശേഷം തമിഴ് സിനിമയിൽ നിന്ന് ധാരാളം അവസരങ്ങൾ സൗബിനെ തേടി വരുമെന്നും ലോകേഷ് പറഞ്ഞു. ചിത്രത്തിന്റെ പ്രി റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
‘‘സിനിമ റിലീസായാൽ ഒരാഴ്ചയ്ക്കകം സംസാര വിഷയം സൗബിൻ ആകുമെന്നാണ് എനിക്ക് തോന്നുന്നത്. സൗബിൻ ചെന്നൈയിലേക്ക് താമസം മാറുന്നത് നന്നായിരിക്കും. സിനിമ റിലീസായതിന് ശേഷം ഒരുപാട് അവസരങ്ങൾ തമിഴിൽ നിന്ന് ലഭിക്കും. നിങ്ങളുടെ ഡാൻസിന് ഇപ്പോൾ തന്നെ ഫാൻസുണ്ട്. പടം റിലീസാകുന്നതോടെ അഭിനയത്തിനും ഒരുപാട് ഫാൻസ് ഉണ്ടാകും.’’ - ലോകേഷ് പറഞ്ഞു. ആമിർ ഖാനൊപ്പം ഇനിയും സിനിമകൾ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകേഷ് കൂട്ടിച്ചേർത്തു.
ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കൂലി’. അനിരുദ്ധ് ആണ് സംഗീത സംവിധാനം. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. 40 വര്‍ഷത്തിന് ശേഷം രജനികാന്തും സത്യരാജും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ‘കൂലി’ക്കുണ്ട്. ചിത്രം ആഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും.