
ഒരു കാലത്ത് നടി ദിവ്യ ഉണ്ണി, നിറത്തിന്റെ പേരില്‍ കലാഭവന്‍ മണിയെ അപമാനിച്ചുവെന്ന ആരോപണം സിനിമയ്ക്ക് അകത്തും പുറത്തും വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ, വർഷങ്ങൾക്ക് ശേഷം വിവാദങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് സംവിധായകൻ വിനയൻ. കലാഭവൻ മണിയെ അപമാനിച്ച നായിക ദിവ്യ ഉണ്ണി അല്ലെന്നാണ് വിനയൻ പറയുന്നത്. മണിക്കെതിരെ പറഞ്ഞത് ഒരു പ്രശസ്ത നടിയാണെന്നും അവരുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും വിനയൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്റെ തുറന്നുപറച്ചിൽ.
"കല്യാണ സൗഗന്ധികം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നില്ല. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യഥാർഥ സംഭവം." എന്നാണ് വിനയൻ പറയുന്നത്. 1996 ഒക്ടോബറില്‍ താന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘കല്യാണസൗഗന്ധികം’ എന്ന സിനിമയെക്കുറിച്ചുള്ള പോസ്റ്റ് വിനയന്‍ വ്യാഴാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അതിനു ലഭിച്ച കമന്റിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
'കലാഭവന്‍ മണിയുടെ നായിക ആകാന്‍ ഇല്ലെന്നു ഒരു നടി പറഞ്ഞെന്ന് വിനയന്‍ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ?' എന്നായിരുന്നു പോസ്റ്റിന് താഴെ കമന്റായി ഒരാൾ ചോദിച്ചത്. കലാഭവൻ മണിയുടെ നായികയായി അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് ദിവ്യ ഉണ്ണി പറഞ്ഞതായി വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ പേരിൽ നടിക്ക് നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ സംവിധായകൻ വിനയൻ തന്നെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്.
നടി ദിവ്യ ഉണ്ണിയും ഇക്കാര്യത്തെ കുറിച്ച് നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. "മണിച്ചേട്ടനും തനിക്കും സത്യാവസ്ഥ അറിയാം. താനും അദ്ദേഹവും ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചവരാണ്. അതിനോട് പ്രതികരിക്കുന്നത് തന്നെ മണിച്ചേട്ടനോടുള്ള അനാദരവാകും." -എന്നാണ് അന്ന് ദിവ്യ ഉണ്ണി പറഞ്ഞത്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ മറുപടി അർഹിക്കുന്നില്ലെന്നും ദിവ്യ പറഞ്ഞിരുന്നു.