
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ‘തലയണമന്ത്ര’ത്തിലെ നർമ രംഗം റീലായി അവതരിപ്പിച്ച് ഗായിക റിമി ടോമിയും നടൻ രമേഷ് പിഷാരടിയും. സിനിമയിൽ ശ്രീനിവാസനും ഉർവശിയും ചേർന്ന് പറയുന്ന തമാശ രംഗമാണ് റിമിയും പിഷാരടിയും ചേർന്ന് രസകരമായി അവതരിപ്പിച്ചത്. ലിപ് സിങ്കിനൊപ്പം ഇരുവരുടെയും ഭാവങ്ങൾ കൂടിയായപ്പോൾ വിഡിയോ വൈറലായി.
‘മമ്മൂട്ടിയുടെ കൂടെ നടന്നത് കൊണ്ടാകും’ എന്ന അടിക്കുറിപ്പോടെയാണ് റിമി വിഡിയോ പങ്കുവച്ചത്. വിഡിയോയ്ക്ക് താഴെ പിഷാരടി സ്നേഹം അറിയിച്ചിട്ടുണ്ട്. ആരാധകർക്കൊപ്പം മുക്ത, കനിഹ തുടങ്ങി നിരവധി സെലിബ്രറ്റികളും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ‘മമ്മൂക്കാന്റെ കൂടെ തട്ടിമുട്ടി നടന്ന് ഛായ ഒപ്പിച്ചെടുത്തല്ലെ’ എന്നാണ് ആരാധകർ ചോദിക്കുന്നത്. ‘ഒരു പ്രത്യേക ആംഗിളിൽ കൂടി നോക്കണം’, ‘മമ്മൂട്ടി കേൾക്കണ്ടാ’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.
പച്ച ഷർട്ട് ധരിച്ചാണ് പിഷാരടി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പച്ച നിറത്തിലുള്ള ഓവർ കോട്ടാണ് റിമിയും ധരിച്ചിരിക്കുന്നത്. ഇതേ നിറത്തിലുള്ള സോഫയിൽ ഇരുന്നാണ് ഇരുവരും റീൽ ചെയ്യുന്നത്. എല്ലാം പച്ച നിറത്തിലായത് ഭയങ്കര അതിശയം തന്നെയാണെന്ന് ആരാധകർ. സോഫയ്ക്ക് ബാക്കി വന്ന തുണിയാണോ രണ്ടുപേരും ഷർട്ട് തയിക്കാൻ എടുത്തതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
പലപ്പോഴും രസകരമായ വിഡിയോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് റിമി. സംഗീത ലോകത്ത് നിറഞ്ഞ് നിൽക്കുന്ന റിമിയുടെ മറ്റ് വിഡിയോകളും ഫോട്ടോകളും വലിയ ജനശ്രദ്ധ നേടാറുണ്ട്.